LATEST

കെ സോട്ടോ തമ്മിലടിയിൽ പേടിയോടെ 2766 മനുഷ്യർ

തിരുവനന്തപുരം : മരണാനന്തരമുള്ള അവയവദാനം പ്രോത്സാഹിപ്പിക്കാൻ രൂപീകരിച്ച കെ സോട്ടോയിൽ (കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷൻ) ഡോക്ടർമാർ തമ്മിലുള്ള പോര് രൂക്ഷമായതോടെ സംസ്ഥാനത്ത് 2766 രോഗികൾ ആശങ്കയിലായി. അവയവ മാറ്റത്തിനായി കെ സോട്ടോയിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുന്നവരാണിവർ. വൃക്കയ്ക്കായാണ് ഏറ്റവും കൂടുതൽ പേർ- 2137.

കെ സോട്ടോ സൗത്ത് സോൺ നോഡൽ ഓഫീസർ സ്ഥാനം കഴിഞ്ഞ ദിവസം രാജിവച്ച മെഡി.കോളേജിലെ നെഫ്രോളജി മേധാവി ഡോ.എം.കെ.മോഹൻദാസും കെ സോട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടർ നോബിൾ ഗ്രേഷ്യസും തമ്മിലുള്ള പരസ്യ ഏറ്റുമുട്ടൽ തുടരുന്നത് ആരോഗ്യവകുപ്പിനെയും പ്രതിസന്ധിയിലാക്കി. കെ സോട്ടോയിൽ അഴിമതിയാണെന്നും അവയവദാനം കുത്തനെ കുറയുന്നത് അന്വേഷിക്കണമെന്നുമാണ് ഡോ.മോഹൻദാസിന്റെ ആവശ്യം. മോഹൻദാസ് രണ്ടു വർഷത്തിനിടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാത്രമായി ഒരേയൊരു മരണാനന്തര അവയവദാന ശസ്ത്രക്രിയ മാത്രമാണ് നടത്തിയതെന്ന് ഡോ.നോബിൾ ആരോപിച്ചിരുന്നു. ഇത് കളവാണെന്ന് ഓരോവർഷത്തെയും കണക്കുകൾ സഹിതം ഡോ.മോഹൻദാസ് ഫേസ്ബുക്കിൽ കുറിപ്പിട്ടു. കള്ളം പറയുന്ന കെ സോട്ടോ ഡയറക്ടർ അപമാനമാണെന്നും രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെറ്റായ വിവരം പ്രചരിപ്പിച്ചതിന് പരസ്യമായി മാപ്പുപറഞ്ഞില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും മോഹൻദാസ് അറിയിച്ചിട്ടുണ്ട്.

മെഡിക്കൽ വിദ്യാഭ്യാസവകുപ്പിലെ നെഫ്രോളജി വിഭാഗത്തിലെ സീനിയർ ഡോക്ടറും വകുപ്പ് മേധാവിയുമാണ് ഡോ.മോഹൻദാസ്. ഇതേ വകുപ്പിൽ മോഹൻദാസിന്റെ അഞ്ചുവർഷം ജൂനിയറാണ് ഡോ.നോബിൾ. ആരോഗ്യവകുപ്പിന്റെ സമീപകാലചരിത്രത്തിലാദ്യമായാണ് വകുപ്പ് മേധാവിയും ജൂനിയർ ഡോക്ടറും ഇത്തരത്തിൽ ഏറ്റുമുട്ടുന്നത്.

കാത്തിരിക്കുന്നവർ

വൃക്ക………………………….. 2137

കരൾ…………………………….490

ഹൃദയം……………………………69

കൈകൾ…………………………..6

ചെറുകുടൽ………………………3

കോർണിയ………………………20

ശ്വാസകോശം……………………. 1

പാൻക്രിയാസ്………………….. 10

ഒന്നിലേറെ അവയവങ്ങൾ…..30


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button