‘കുലംകുത്തികൾ ഓരിയിട്ടു, കോൺഗ്രസുകാർ സ്നേഹവായ്പ്പുള്ളവർ’: കൂകിവിളിയിൽ മറുപടിയുമായി റിനി ആൻ ജോർജ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്ന സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയ തന്നെ കൂകിയവർക്കെതിരെ റിനി ആൻ ജോർജ്. തനിക്കെതിരെയുണ്ടായ പ്രതിഷേധം കണ്ണുകടി ഉണ്ടായ ചില കുലംകുത്തികൾ നടത്തിയ ഓരിയിടൽ ആയിട്ടാണ് കാണുന്നതെന്ന് റിനി പ്രതികരിച്ചു. അതിനെ അർഹിക്കുന്ന അവജ്ഞയോടെ അപ്പോൾ തന്നെ അവഗണിച്ചെന്നും ഫേസ്ബുക്ക് പോസ്റ്റിൽ റിനി പറയുന്നു. ‘വി.ഡി സതീശന്റെ മുഖ്യമന്ത്രിപദം തന്റെ സ്വപ്നസാക്ഷാത്കാരം ആയിരുന്നു. അത് നേരിട്ട് കാണാനുള്ള ഭാഗ്യം തനിക്ക് ഉണ്ടായി. കൂവിയവർ കോൺഗ്രസുകാരാണെന്ന് കരുതുന്നില്ല. കോൺഗ്രസുകാർ തന്നോട് സ്നേഹവായ്പ്പോടെയാണ് പെരുമാറിയത്’-റിനി പറഞ്ഞു. മുഖ്യമന്ത്രി വി. ഡി. സതീശനുമായി തനിക്ക് അടുത്ത വ്യക്തിബന്ധമുണ്ടെന്ന് റിനി മുമ്പും പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. സതീശനോടൊപ്പമുള്ള ചിത്രങ്ങളും അവർ നിരന്തരം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വി. ഡി സതീശനെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചപ്പോൾ റിനി ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണ് കോൺഗ്രസ് അണികളെ ചൊടിപ്പിച്ചത്. “പദ്മനാഭന്റെ മണ്ണിൽ ഇനി എന്റെ ശ്രീ പദ്മനാഭൻ വാഴും…” എന്നായിരുന്നു റിനിയുടെ പോസ്റ്റ്. വി. ഡി സതീശന്റെ മുഖ്യമന്ത്രി പദവിയെ പുകഴ്ത്തിക്കൊണ്ടുള്ള ഈ പോസ്റ്റ് കോൺഗ്രസ് സൈബർ ഗ്രൂപ്പുകളിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും വിമർശനങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു.
Source link
NEWS


