LATEST

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം,​ആളപായമില്ല

കോഴിക്കോട്: കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വൻ തീപിടിത്തം. ആളപായമില്ല. പുതിയ സി ബ്ലോക്കിലെ ഒമ്പതാം നിലയിലെ ടെറസിൽ എസി ചില്ലർ പ്ലാന്റ് നിർമ്മിക്കുന്നതിനിടെ ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു സംഭവം. ഇവിടെ രോഗികളെ പാർപ്പിച്ചിരുന്നില്ല. തൊട്ടുതാഴെയുള്ള എട്ടാംനിലയിലെ രോഗികളെയും ജീവനക്കാരെയും മറ്റ് ഭാഗങ്ങളിലേക്ക് മാറ്റി. ആശുപത്രിയിലെ ഫയർ യൂണിറ്റും ബീച്ച്,അഗ്നിശമന സേനയുടെ അഞ്ച് യൂണിറ്റുകളും എത്തിയാണ് പത്തുമണിയോടെ തീ നിയന്ത്രണ വിധേയമാക്കിയത്. പുതിയതായി സ്ഥാപിച്ച ജനറേറ്റർ ഉൾപ്പെടയുള്ളവ പൂർണമായും കത്തിനശിച്ചു.

എസി ചില്ലർ സ്ഥാപിക്കുന്നതിന്റെ വെൽഡിംഗ് ജോലിക്കിടെ തീപ്പൊരി തെർമോക്കോളിൽ വീണതാണ് തീപിടിത്തതിന് കരണമെന്നാണ് പ്രഥമിക നിഗമനമെന്ന് റീജിയണൽ ഫയർ ഓഫീസർ ടി.റജീഷ് വ്യക്തമാക്കി. ആശുപത്രി പ്രവർത്തനം പൂർണതോതിൽ പുനരാരംഭിച്ചെന്നും നിയമ പ്രകാരമാണ് എസി ഭാഗങ്ങൾ സ്ഥാപിച്ചിരിക്കുന്നതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി പി.ആർ.ഒ സലിൽ ശങ്കർ പറഞ്ഞു. കെ. രാഘവൻ എം.പി,സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണൻ,സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം,അഹമ്മദ് ദേവർ കോവിൽ എം.എൽ.എ,​സി.പി.എം ജില്ലാ സെക്രട്ടറി എം മെഹബൂബ് തുടങ്ങിയവർ സ്ഥലത്തെത്തി. അപകട കാരണങ്ങളെക്കുറിച്ച് പൊലീസ്,അഗ്നിശമന സേന തുടങ്ങിയവർ അന്വേഷണം ആരംഭിച്ചു.

അതേസമയം,ആശുപത്രി അധികൃതരുമായി ആരോഗ്യമന്ത്രി വീണാ ജോർജ് സംസാരിച്ചു. രോഗികളെ ഷിഫ്റ്റ് ചെയ്യേണ്ട ആവശ്യമുണ്ടെങ്കിൽ മെഡിക്കൽ കോളേജിൽ ഐസിയു,വെന്റിലേറ്റർ ഒരുക്കാനുള്ള നിർദ്ദേശവും അവർ നൽകി.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button