വൈറസുകളെ പ്രതിരോധിക്കും; ശരീരത്തിലെ പാടുകൾ ഇല്ലാതാനുള്ള ഒറ്റമൂലി

നമ്മുടെ പറമ്പുകളിലും മറ്റും വളരുന്ന പല സസ്യങ്ങളും നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയവയാണ്. അത്തരത്തിൽ ഒരു ചെടിയാണ് കൃഷ്ണകിരീടം. നമ്മുടെ നാട്ടിലെ പറമ്പുകളിലും മറ്റും ഈ ചെടി ധാരാളമായി കാണപ്പെടാറുണ്ട്. ഹനുമാൻ കിരീടം, ആറുമാസപ്പൂവ് എന്നിങ്ങനെ പല പേരുകളിൽ ഈ ചെടി അറിയപ്പെടാറുണ്ട്. പൊതുവെ തണലുള്ള സ്ഥലങ്ങളിലാണ് ഇവ വളരുന്നത്. ചുവപ്പും ഓറഞ്ചും കലർന്ന നിറത്തിലുള്ള ഈ ചെടിയുടെ പൂവ് ആറ് മാസം വരെ വാടാതെ നിൽക്കുന്നതിനാലാണ് ഇതിനെ ആറുമാസപ്പൂവ് എന്ന് വിളിക്കുന്നത്. അത്തപ്പൂക്കളത്തിൽ പ്രധാനമാണ് ആറുമാസപ്പൂവ്. തൃക്കാക്കരയപ്പന് നേദിക്കാനും ഇതിന്റെ പൂവ് ഉപയോഗിക്കാറുണ്ട്.
എന്നാൽ ഈ ചെടിക്ക് ഒട്ടേറെ മറ്റ് ഗുണങ്ങളുമുണ്ട്. നെഗറ്റീവ് എനർജിയെ ഇല്ലാതാക്കാൻ ഈ പൂവ് നല്ലതാണെന്നാണ് വിശ്വാസം. കൃഷ്‌ണകിരീടത്തിന്റെ ഇലകൾ ഉപയോഗിച്ച് ജൈവ കീടനാശിനികൾ തയ്യാറാക്കാറുണ്ട്. ചെടിയുടെ വേര് വേപ്പെണ്ണയിൽ കാച്ചിയെടുക്കുന്നത് തീപൊള്ളലേറ്റ പാടുകൾ മാറുന്നതിന് സഹായിക്കും. കൂടാതെ വെളിച്ചെണ്ണ തിളപ്പിച്ച് അതിലേക്ക് ഇതിന്റെ പൂവും തേക്കിന്റെ തളിരിലയും കൂടി ചേർത്ത് തിളപ്പിച്ചെടുക്കുന്ന നീര് പുരട്ടുന്നത് തീപ്പൊള്ളൽ, മുറിവ് എന്നിവ മൂലമുള്ള പാടുകൾ ഇല്ലാതാക്കുന്നു.
വൈറസുകൾക്കെതിരെ പോലും ഔഷധമായി ഈ ചെടിയിലെ ഘടകങ്ങൾ ഉപയോഗിക്കാറുണ്ടെന്ന് പറയപ്പെടുന്നു. പഴയതലമുറയിലുള്ളവർ പനി, നീര്, കിഡ്‌നി രോഗങ്ങൾ മൂത്രാശയരോഗങ്ങൾ എന്നിവയുടെ ചികിത്സയ്‌ക്കും ഇത് ഉപയോഗിച്ചിരുന്നു.
Source link

