test del 3

അർധരാത്രി സംഹാരതാണ്ഡവമാടി കൊടുങ്കാറ്റ്; ഒട്ടേറെ വീടുകൾ തകർന്നു, പലയിടത്തും വൈദ്യുതബന്ധം തകരാറിൽ – ചിത്രങ്ങൾ


പനമരം∙ ജില്ലയുടെ പല ഭാഗത്തും കഴിഞ്ഞ രാത്രിയിൽ മഴയ്ക്കൊപ്പം ഉണ്ടായ കനത്ത കാറ്റിൽ മരം കടപുഴകി വീണു വീടുകളും മറ്റും തകർന്നതിനു പുറമേ വ്യാപക കൃഷിനാശവും. പൂതാടി, പനമരം, കണിയാമ്പറ്റ, കോട്ടത്തറ, പുൽപള്ളി പഞ്ചായത്തുകളിലാണു നാശനഷ്ടങ്ങൾ ഏറെയും. കഴിഞ്ഞ രാത്രി ഒന്നരയോടെയാണു മഴയ്ക്ക് ഒപ്പമെത്തിയ കാറ്റ് വീശിയടിച്ചത്. വലിയ ശബ്ദത്തോടെ എത്തിയ കനത്ത കാറ്റിൽ വൻമരങ്ങളടക്കം കടപുഴകി വീണു പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. മരം വീണു വൈദ്യുതത്തൂണുകളും ലൈനുകളും സർവീസ് വയറുകളും വ്യാപകമായി നശിച്ചു. ഇതുമൂലം പലയിടത്തും ഇന്നലെ വൈദ്യുതി വിതരണം പൂർണമായി തടസ്സപ്പെട്ടു. നടവയൽ ഇഞ്ചിക്കാലായിൽ തോമസിന്റെ വീടിനു മുകളിലേക്കാണു വീടിനു സമീപം നിന്ന വലിയ ഈട്ടിമരം പൊട്ടി വീണത്. കൊടുങ്കാറ്റാണ് ഈ പ്രദേശത്ത് വീശിയടിച്ചതെന്നു നാട്ടുകാർ പറയുന്നു. ഈ പ്രദേശത്ത് തന്നെ പുളിവേലിൽ ബാബുവിന്റെ വിറകുപുരയുടെയും ഷെഡിന്റെയും മേൽക്കൂരയിലെ ഷീറ്റ് പൂർണമായും 15 മീറ്ററോളം ദൂരേക്കു പറന്നുപോയി. ഇതിനടുത്തുള്ള കൃപാനിധി സ്റ്റഡി സെന്ററിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ ഇരുപതിലേറെ റബർ മരങ്ങൾ കാറ്റിൽ ഒടിഞ്ഞു വീണു നശിച്ചു. കൂടാതെ ഒട്ടേറെ കർഷകരുടെ വാഴ, കമുക്, റബർ മരങ്ങൾ അടക്കം കാറ്റിൽ വ്യാപകമായി നശിച്ചിട്ടുണ്ട്. കോട്ടത്തറയിലും വ്യാപക നാശം  ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കോട്ടത്തറ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വീടുകൾ അടക്കം തകർന്നതിനു പുറമേ വൻ കൃഷി നാശവും. മരങ്ങൾ വീണു വൈദ്യുതലൈനും ഒട്ടേറെ തൂണുകളും ഒടിഞ്ഞുവീണു. പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വാഴക്കൃഷി വ്യാപകമായി നിലംപൊത്തി. കോട്ടത്തറ ടൗണിനു സമീപം കളത്തിൽ ഗോപാലകൃഷ്ണന്റെ വീടിനു മുകളിലേക്കു വലിയ തെങ്ങ് മറിഞ്ഞു വീണു വീടിന്റെ അടുക്കളഭാഗം പൂർണമായും തകർന്നു. 


Source link

Back to top button