LATEST

ബാർക്ക് റേറ്റിംഗിൽ തിരിമറി: സീനിയർ മാനേ‌ജർക്കും ചാനൽ ഉടമയ്‌ക്കുമെതിരെ കേസ്

കൊച്ചി: ടെലിവിഷൻ ചാനലുകളുടെ പ്രചാരം നിർണയിക്കുന്ന ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിന്റെ (ബാർക്ക്) ഡേറ്റയിൽ തിരിമറി നടത്തിയെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. ബാർക്ക് സീനിയർ മാനേജർ പ്രേമാനന്ദ്, ഒരു സ്വകാര്യ വാർത്താ ചാനൽ ഉടമ എന്നിവർക്കെതിരെയാണ് കേസ്. മറ്റൊരു സ്വകാര്യവാർത്താ ചാനലിന്റെ സീനിയർ വൈസ് പ്രസിഡന്റ് നൽകിയ പരാതിയിൽ തിങ്കളാഴ്ചയാണ് കളമശേരി പൊലീസ് കേസെടുത്തത്. ബാർക്കിനെതിരെ സംസ്ഥാനത്ത് രജിസ്റ്റർചെയ്യുന്ന ആദ്യ കേസാണിത്.

പ്രതികൾക്കെതിരെ വ്യാജ രേഖ ചമയ്ക്കൽ, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. തിരിമറിയിലൂടെ പരാതിക്കാരന്റെ ചാനലിന് 15 കോടി രൂപ നഷ്ടമുണ്ടായെന്ന് എഫ്.എൈ.ആറിൽ പറയുന്നു. ചാനലുകളിൽ നിന്ന് അംഗത്വ ഫീസ് ഈടാക്കി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ബാർക്ക്.

ഒന്നാം പ്രതിയായ പ്രേമാനന്ദ് രണ്ടാം പ്രതിയായ ചാനൽ മേധാവിക്ക് റേറ്റിംഗ് മീറ്ററുകൾ സംബന്ധിച്ച വിവരങ്ങൾ കൈമാറി. ഇതിന് പിന്നാലെ 2025 ജൂലായ് 14 മുതൽ രണ്ടാം പ്രതിയുടെ ചാനലിന്റെ റേറ്റിംഗ് ഉയർത്തിയെന്നും പരാതിക്കാരന്റെ ചാനലിന്റെ റേറ്റിംഗ് താഴ്‌ത്തിയെന്നും എഫ്.ഐ.ആറിൽ പറയുന്നു.

ബാർക്കിലെ ജീവനക്കാർക്ക് കോടികൾ കോഴ നൽകി റേറ്റിംഗ് അട്ടിമറിക്കുന്നുവെന്ന ആരോപണം പരാതി നൽകിയ ചാനൽ നേരത്തെ ഉയർത്തിയിരുന്നു. റേറ്റിംഗിലെ കുതിപ്പിന് പിടിവീഴാതിരിക്കാൻ ചാനൽ ഉടമ മലേഷ്യ, തായ്ലൻഡ് എന്നിവിടങ്ങളിൽ ‘ഫോൺ ഫാമിംഗ്” സംവിധാനങ്ങളിലൂടെ യൂട്യൂബ് കാഴ്ചക്കാരെ വ്യാജമായി വർദ്ധിപ്പിച്ചതായും പരാതിയിലുണ്ട്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button