LATEST

തീവ്ര വോട്ടർപട്ടിക: കേരളത്തിന് കിട്ടും കൂടുതൽ സാവകാശം  ആവശ്യം ന്യായമെന്ന് സുപ്രീം കോടതി എസ്.ഐ.ആർ സമയപരിധി നീട്ടാൻ നിർദ്ദേശം തീരുമാനമെടുക്കാൻ നാളെവരെ കമ്മിഷന് സമയം

ന്യൂഡൽഹി: കേരളത്തിൽ നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള തീവ്ര വോട്ടർപട്ടിക പുതുക്കലിന് (എസ്.ഐ.ആർ) സാവകാശം ഉറപ്പായി. എസ്.ഐ.ആർ നടപടികൾ നീട്ടിവയ്‌ക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം ന്യായമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കേരള സർക്കാരിന്റെ ആവശ്യം കൃത്യമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചിയും അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്.

പുതുക്കിയ ഷെഡ്യൂൾ തീരുമാനിക്കാൻ നാളെവരെ തിരഞ്ഞെടുപ്പ് കമ്മിഷന് സമയം നൽകി. വസ്‌തുനിഷ്ഠമായും സഹാനുഭൂതിയോടെയുമാകണം നിവേദനം കമ്മിഷൻ പരിഗണിക്കേണ്ടതെന്നും നിർദ്ദേശിച്ചു. തദ്ദേശ സ്ഥാപനങ്ങളിൽ പുതിയ അംഗങ്ങൾ ചുമതലയേൽക്കുന്ന ഡിസംബർ 21വരെ എസ്.ഐ.ആർ നടപടികൾ നിറുത്തിവയ്‌ക്കണമെന്നാണ് സുപ്രീംകോടതിയിൽ കേരളം ആവശ്യപ്പെട്ടത്.

ഡിസംബർ പകുതി വരെയെങ്കിലും നീട്ടിവയ്‌ക്കണമെന്ന് ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക് നവംബർ 5ന് തിരഞ്ഞെടുപ്പ് കമ്മിഷന് അയച്ച കത്തിൽ പറഞ്ഞിരുന്നു. ആ നിവേദനം കമ്മിഷന് മുന്നിലുണ്ടെങ്കിലും പുതിയ നിവേദനം ചീഫ് സെക്രട്ടറി സമർപ്പിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. ഗൾഫ് മേഖലയിലെയടക്കം 35 ലക്ഷം പ്രവാസികളുടെ ബുദ്ധിമുട്ടുകൾ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കു വേണ്ടി ഹാജരായ അഡ്വ. ഹാരിസ് ബീരാൻ ചൂണ്ടിക്കാട്ടിയിരുന്നു. അക്കാര്യവും സർക്കാർ നിവേദനത്തിൽ ഉൾപ്പെടുത്താവുന്നതാണെന്ന് കോടതി വ്യക്തമാക്കി. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്,​ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവരടക്കം സമർപ്പിച്ച ഹ‌ർജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.

 കമ്മിഷൻ എതിർപ്പ് മുഖവിലയ്‌ക്കെടുത്തില്ല

എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കുന്നതിന്റെ സമയപരിധി ഡിസംബർ 4ൽ നിന്ന് തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിക്കുന്ന 11ലേക്ക് മാറ്റിയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചെങ്കിലും സുപ്രീംകോടതി മുഖവിലയ്‌ക്കെടുത്തില്ല. ഡിസംബർ 13നാണ് തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണലെന്ന് സംസ്ഥാന സർ‌ക്കാ‌ർ അറിയിച്ചതിനെ കോടതി ഗൗരവത്തിലെടുത്തു. തദ്ദേശ തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്കും ബൂത്ത് ലെവൽ ഏജന്റുമാർക്കും അവരുടെ എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കാനും സമയം ലഭിക്കേണ്ടതുണ്ട്. സമയപരിധി നീട്ടിയാൽ എല്ലാവർക്കും ഫോമുകൾ നൽകാനാവുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിഭാഷകൻ രാകേഷ് ദ്വിവേദിയോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

തദ്ദേശ ജോലിക്ക് 1,76,000 പേർ

തദ്ദേശ തിരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിച്ചിട്ടുള്ളവരെ എസ്.ഐ.ആർ നടപടികളിൽ ഉപയോഗിക്കുന്നില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. 1,76,000 ഉദ്യോഗസ്ഥരെയാണ് തദ്ദേശ തിരഞ്ഞെടുപ്പിന് വിട്ടുനൽകിയത്. 98.8% പേർക്ക് എന്യുമറേഷൻ ഫോമുകൾ നൽകിയെന്നും 88% ഫോമുകൾ ഡിജിറ്റൽ രൂപത്തിലാക്കിയെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഈ വാദത്തിന് കോടതി മുൻഗണന നൽകിയില്ല.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button