പുടിന്റെ വരവ് വെറുതെയല്ല, ഇന്ത്യയ്ക്ക് നൽകാൻ പോകുന്നത് പാകിസ്ഥാനെ ആശങ്കപ്പെടുത്തുന്ന വജ്രായുധം

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഡിസംബർ 5-6 തീയതികളിൽ ഇന്ത്യ സന്ദർശിക്കുകയാണ്. ഈ സന്ദർശനത്തിൽ ഇന്ത്യയ്ക്ക് ഏറെ ഗുണകരമാകുന്ന പ്രതിരോധ ഇടപാടുകളും ഉണ്ടാകുമെന്നാണ് വിവരം. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയ്ക്ക് മുന്നേറാനായത് പാക് ആയുധങ്ങളെ തകർത്തെറിഞ്ഞ ആയുധശേഖരങ്ങൾ കാരണമാണ്. ഇക്കൂട്ടത്തിൽ ഏറെ ശ്രദ്ധേയമായത് പാക് മിസൈലുകളെയും വിമാനങ്ങളെയും പാകിസ്ഥാനുള്ളിൽ തന്നെ തകർത്ത ഇന്ത്യയുടെ എസ്-400 മിസൈൽ പ്രതിരോധ സംവിധാനമാണ്. റഷ്യൻ നിർമ്മിതമായ എസ്-400 ഓപ്പറേഷൻ സിന്ദൂറിൽ മികവോടെ പ്രവർത്തിച്ചത് ലോകശ്രദ്ധയെത്തന്നെ ആകർഷിച്ചിരുന്നു. 2018ലെ 5.43 ബില്യൺ ഡോളറിന്റെ പ്രതിരോധ കരാറനുസരിച്ച് അഞ്ച് റെജിമെന്റുകളാണ് ഇന്ത്യ എസ്-400 മിസൈൽ പ്രതിരോധ സംവിധാനം സ്വന്തമാക്കിയത്.
ഇതിന്റെ വിജയം ഇന്ത്യക്ക് നൽകിയത് വലിയ ആത്മവിശ്വാസമാണ്. എസ്-400 അഞ്ച് യൂണിറ്റുകൾ കൂടി ഇന്ത്യ ഇതോടെ റഷ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 16 ലോഞ്ചർ വാഹനങ്ങളുള്ള രണ്ട് ബാറ്ററികളടങ്ങുന്ന റെജിമെന്റ് എസ്-400ന്റെതായി ഇന്ത്യയ്ക്ക് സ്വന്തമായുണ്ട്. ഇതിനിടെ ഇന്ത്യയ്ക്ക് അതിലും മികച്ച ആയുധം നൽകാൻ തയ്യാറായിരിക്കുകയാണ് റഷ്യ. എസ്-400ന് ശേഷം അടുത്ത തലമുറ മിസൈൽ പ്രതിരോധ സംവിധാനമാണ് എസ്-500. എസ്-400ന്റെ പുതുക്കിയ പതിപ്പേയല്ല എസ്-500. പകരം മറ്റൊരു പ്രതിരോധ സംവിധാനം തന്നെയാണ്.
എസ്-400 കരാറിൽ നിന്ന് വിഭിന്നമായി എസ്-500 ഇന്ത്യയുടെ കൂടി സഹകരണത്തിലാകും നിർമ്മിക്കാൻ സാദ്ധ്യത. റഷ്യൻ കമ്പനിയായ അൽമാസ് ആന്റേയോടൊപ്പം ഇന്ത്യൻ പ്രതിരോധ കമ്പനികൾ സഹകരിച്ചേക്കും. എസ്-400ക്കാൾ കിടയറ്റതാണ് എസ്-500 എന്നതിന് സംശയമേയില്ല. 400 കിലോമീറ്റർ റെയ്ഞ്ചാണ് എസ്-400 നൽകുന്നതെങ്കിൽ 500 മുതൽ 600 കിലോമീറ്റർ വരെയാണ് എസ്-500ന്റെ റെയ്ഞ്ച്. എസ്-400ന് 30 കിലോമീറ്റർ ഉയരം വരെ പ്രതിരോധിക്കാനാകും എന്നാൽ എസ്-500ന് 180 മുതൽ 200 കിലോമീറ്റർ വരെ സാദ്ധ്യമാകും.
യുദ്ധവിമാനങ്ങൾ, ക്രൂയിസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവ തകർക്കുന്നവയാണ് എസ്-400. ഇവയ്ക്കെല്ലാം പുറമേ ബാലിസ്റ്റിക് മിസൈലുകളും ഹൈപ്പർസോണിക് ആയുധങ്ങൾ വരെ തകർക്കാൻ എസ്-500ന് കഴിയും. തന്ത്രപരവും പ്രവർത്തനപരവുമായ ഇടങ്ങളിൽ എസ്-400 ഉപയോഗിക്കും അതീവ തന്ത്രപരമായ ഇടങ്ങളിലാണ് എസ്-500ന് ഉപയോഗം. ഇന്ത്യ ഈ വജ്രായുധത്തെ സ്വന്തമാക്കുമോ എന്നത് വരുംദിവസങ്ങളിൽ വ്യക്തമാകും.
Source link



