തകർക്കാൻ ശ്രമിച്ചത് ചെെനയുടെ ഖനന പദ്ധതി? പാക് കേന്ദ്രത്തിലേക്ക് വനിതാ ചാവേറിനെ ഇറക്കി ബിഎൽഎഫ്

ഇസ്‌ലാമാബാദ്: പാകിസ്ഥാനിൽ അർദ്ധസെെനിക വിഭാഗമായ ഫ്രോണ്ടിയർ കോർപ്‌സിന്റെ തഗായിലെ കേന്ദ്രത്തിൽ ചാവേർ ആക്രമണം നടത്താൻ വനിതയെ അയച്ചുവെന്ന് ബലൂച് ലിബറേഷൻ ഫ്രണ്ട് (ബിഎൽഎഫ്). ബലൂചിസ്ഥാനിലെ ചഗായിയിൽ പ്രവർത്തിക്കുന്ന ഫ്രോണ്ടിയർ കോർപ്‌സിന്റെ ഈ കേന്ദ്രത്തിലാണ് ചെെനയുടെ ചെമ്പ്, സ്വർണ ഖനന പദ്ധതിയുടെ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
ഞായറാഴ്ച വെെകുന്നേരം നടന്ന ആക്രമണത്തിൽ ആറ് പാക് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പാക് അധികൃതർ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. ചാവേറായ യുവതിയുടെ പേരും ഫോട്ടോയും ബിൽഎൽഎഫ് പുറത്തുവിട്ടിട്ടുണ്ട്. സറീന റാഫിക് (ട്രാങ് മാഹൂ) എന്ന യുവതിയാണ് ചാവേറായത്. ആദ്യമായാണ് ബിഎൽഎഫ് ഒരു യുവതിയെ ചാവേറാക്കുന്നത്.
ചെെനീസ്, കനേഡിയൻ കമ്പനികളാണ് ഇവിടെ പ്രവർത്തിക്കുന്നത്. സെെൻദാക്, റെകോ ദിഖ് പ്രോജക്ടുകളാണ് ഇവിടെ നടത്തപ്പെടുന്നത്. ബിഎൽഎഫിന്റെ ‘ചാവേർ’ യൂണിറ്റ് ആയ സാഡോ ഓപ്പറേഷണൽ ബറ്റാലിയൻ (എസ്ഒബി) ആണ് ആക്രമണം നടത്തിയതെന്ന് വക്താവ് ഗ്വാഹ്റാം ബലൂച് അറിയിച്ചു.
അതേസമയം, നവംബർ 28,29 തീയതികളിൽ വിവിധയിടങ്ങളിലായി നടത്തിയ 29 ആക്രമണങ്ങളിൽ ആകെ 27 പാക് സെെനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നെന്നും ബിഎൽഎ അവകാശപ്പെടുന്നു. ആയുധങ്ങൾ പിടിച്ചെടുത്തെന്നും ബിഎൽഎ പറഞ്ഞു. ഗ്വാദറിലെ പാസ്നി പ്രദേശത്തുള്ള പാകിസ്ഥാൻ സെെന്യത്തിന്റെ കോസ്റ്റ് ഗാർഡ് ക്യാമ്പിൽ ഗ്രനേഡ് ഉപയോഗിച്ച് ആക്രമണം നട ത്തുകയും വാഹനങ്ങളിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്തതായും ബിഎൽഎ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Source link



