test del 4 copy of del 3
എന്നും മനുഷ്യ പക്ഷത്ത്; നാല് പതിറ്റാണ്ടോളം നീണ്ട സന്ധിയില്ലാ പോരാട്ടം, അവകാശപ്പോരാട്ടങ്ങളുടെ കാവലാളിന് വിട

ചെറുതോ വലുതോ എന്ന വ്യത്യാസമില്ലാതെ സാധാരണക്കാരുടെ മൗലികാവകാശങ്ങൾക്കായി പതിറ്റാണ്ടുകൾ പോരാടിയ ജീവിതത്തിനാണു ഡിജോ കാപ്പന്റെ വിടവാങ്ങൽ അന്ത്യം കുറിക്കുന്നത്. പൗരാവകാശങ്ങൾക്കായി നിരന്തരം പോരാടിയ അദ്ദേഹം കേരളം ശ്രദ്ധയോടെ വീക്ഷിച്ച നിരവധി അവകാശപ്പോരാട്ടങ്ങളുടെ കാവലാൾ ആയിരുന്നു. പൊതുപ്രവർത്തകൻ, വിവരാവകാശപ്രവർത്തകൻ, ഉപഭോക്തൃ–കർഷക അവകാശ പ്രവർത്തകൻ തുടങ്ങി ജനങ്ങളെ ബാധിക്കുന്ന ഏതുവിഷയത്തിലും പൊതുസമൂഹത്തിലും മാധ്യമചർച്ചകളിലും കോടതി മുറികളിലും ശക്തവും വ്യക്തവുമായ നിലപാടുകളിലൂടെ അദ്ദേഹം എന്നും രംഗത്തുണ്ടായിരുന്നു.പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ഇടപെട്ടശേഷം വിട്ടുകളയുന്ന നിലപാടായിരുന്നില്ല അദ്ദേഹത്തിന്റേത്. വിഷയം പഠിച്ച്, വിലയിരുത്തി, നിരന്തരം ഇടപെട്ട് കോടതി ഇടപെടലുകൾ നടപ്പാക്കിയതിലൂടെയാണ് ഡിജോ കാപ്പൻ വേറിട്ട് നിന്നത്. വൈദ്യുതി നിരക്കു വർധന, മാലിന്യപ്രശ്നം, റോഡുകളിലെ അനധികൃത പരസ്യ ബോർഡുകൾ, ജനത്തെ ബന്ദിയാക്കി നിരത്തുകളിൽ നടക്കുന്ന സമരങ്ങൾ തുടങ്ങിയവയ്ക്കെതിരെ അദ്ദേഹം സന്ധിയില്ലാ പോരാട്ടം നടത്തി. ഈ വിഷയങ്ങളിൽ പലതിലും വിശദമായി പഠനം നടത്തി വസ്തുതകളുമായി സമർപ്പിച്ച ഹർജികളിലൂടെ കോടതി ഇടപെടലും ഉറപ്പാക്കി. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടെ ജനങ്ങളുടെ അഭിഭാഷകൻ എന്ന രീതിയിൽ ഇടപെടൽ നടത്തിവന്ന അദ്ദേഹത്തിന്റെ വിയോഗം കേരളത്തിലെ സാമൂഹികപ്രവർത്തന രംഗത്തു വലിയ ശൂന്യതയാകും ഇനി സൃഷ്ടിക്കുക.ബ്രഹ്മപുരം മാലിന്യ പ്ലാന്റ് ഉയർത്തുന്ന ഭീഷണികൾ, കൊച്ചി നഗരത്തിലെ മാലിന്യനീക്കം എന്നിവയുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ ഇടപെടലുകളും നിർണായകമായി. പൊതുനിരത്തുകളിലെ നിയമവിരുദ്ധമായ പരസ്യ ബോർഡുകൾക്കെതിരെ അദ്ദേഹം സജീവമായ നിയമയുദ്ധം തന്നെ നടത്തി. നിരത്തുവക്കിൽ രാഷ്ട്രീയയോഗങ്ങളും പ്രകടനങ്ങളും നടത്തുന്നതിനെതിരെ ആയിരുന്നു ഡിജോ കാപ്പന്റെ മറ്റൊരു സജീവ ഇടപെടൽ. കാൽനടക്കാർക്കും വാഹനങ്ങൾക്കും മാത്രം നിരത്തുകൾ മാറ്റിവച്ചാൽ പകുതിയോളം അപകടങ്ങൾ കുറയ്ക്കാനാകുമെന്ന വാദഗതിക്കാരനായിരുന്നു അദ്ദേഹം. റോഡിലെ യാത്രാതടസ്സങ്ങളിലും മറ്റും ഉണ്ടാകുന്ന സമയനഷ്ടം ഒഴിവാക്കാനുള്ള ഓട്ടപ്പാച്ചിലുകളിലാണ് അപകടങ്ങളിലെ 30 ശതമാനത്തോളവും നടക്കുന്നതെന്ന പഠനറിപ്പോർട്ടാണ് നിരത്തുവക്കിലെ പ്രകടനങ്ങൾക്കും യോഗങ്ങൾക്കുമെതിരായ പോരാട്ടത്തിലെ ചർച്ചാവേദികളിൽ അദ്ദേഹം മുന്നോട്ടുവച്ചത്.
Source link


