LATEST

വിഷമില്ലെന്ന് കരുതി ചേര നിസാരക്കാരനല്ല; കേട്ടാൽ അമ്പരക്കുന്ന ഒരു കാര്യം ഈ പാമ്പ് ചെയ്യുന്നുണ്ട്

പാമ്പുകളെ കാണുമ്പോൾതന്നെ പേടിച്ച് ബോധം പോകുന്ന നിരവധി പേരുണ്ട്. എന്നാൽ എല്ലാ പാമ്പുകളെയും പേടിക്കേണ്ട കാര്യമുണ്ടോ? രാജവെമ്പാലയേയും മൂർഖനെയും അണലിയേയും ശംഖുവരയനെയും പോലുള്ള ഉഗ്രവിഷമുള്ള പാമ്പുകളെ തീർച്ചയായും പേടിക്കണം. ഒറ്റക്കൊത്തിന് ജീവൻ തന്നെ എടുത്തേക്കാം. എന്നാൽ ചേര അങ്ങനെയല്ല, അത് പൊതുവെ നിരുപദ്രവകാരികളാണ്.

കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഉരഗ ജീവികളിലൊന്നാണ് ചേര. വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂൾ ഒന്നിലാണ് ചേരയെ ഉൾപ്പെടുത്തിയത്. ചേരയെ കൊല്ലുന്നത് മൂന്നുവർഷത്തിൽ കുറയാത്ത തടവു ലഭിക്കാവുന്ന കുറ്റമാണ്. ഇതിനെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കുമെന്ന രീതിയിൽ മുമ്പ് റിപ്പോർട്ടുകൾ വരികയും ചെയ്‌തിരുന്നു. അധികമാർക്കുമറിയാത്ത നിരവധി പ്രത്യേകതകളും ഈ പാമ്പിനുണ്ട്.

കർഷകരുടെ മിത്രം


കൃഷി നശിപ്പിക്കുന്ന എലികളെ തിന്നൊടുക്കിയാണ് ചേര കർഷക മിത്രമായത്. നിസാരക്കാരനാണെന്ന് നമ്മൾ കരുതുന്ന ചേര ഉഗ്രവിഷമുള്ള മൂർഖൻ, അണലി എന്നിവയുടെ കുഞ്ഞുങ്ങളെയും ആഹാരമാക്കും. പാമ്പിൻ കുഞ്ഞുങ്ങളെ ഒരു സ്ഥലത്ത് സ്ഥിരതാമസമുറപ്പിക്കാൻ ചേര സമ്മതിക്കില്ല. പരിസരത്ത് ചേരയുള്ളത് അവിടെ താമസിക്കുന്നവർക്ക് നല്ലൊരു സംരക്ഷണമാണെന്ന് പറയാം. വിഷപ്പാമ്പുകളുടെ എണ്ണം കുറയ്‌ക്കാനും ചേര സഹായിക്കുന്നു.

ശാരീരിക പ്രത്യേകതകൾ

ദക്ഷിണേന്ത്യയിൽ കാണപ്പെടുന്ന പാമ്പാണ് ചേര. Colubrid Snakes കുടുംബത്തിൽപ്പെട്ടത്. വിഷമില്ലെങ്കിലും വളരെ നീളം കൂടുതലുള്ള പാമ്പുകളിലൊന്നാണിത്. രണ്ട് മീറ്ററിലധികം നീളം വയ്ക്കുന്നു. ഒറ്റനോട്ടത്തിൽ മൂർഖനാണോ എന്ന് പലപ്പോഴും ആളുകൾ തെറ്റിദ്ധരിക്കാറുണ്ട്.

കടുംമഞ്ഞനിറത്തിൽ ശരീരത്തിന്റെ പിൻഭാഗത്തും വാലിലും ക്രമരഹിതമായ കറുപ്പ് നിറത്തിലുള്ള വരകളാണ് ചേരയുടെ മറ്റൊരു പ്രത്യേകത. എന്നാൽ എല്ലാ ചേരയും കടും മഞ്ഞ നിറമല്ല. താമസിക്കുന്ന പ്രദേശമനുസരിച്ച് നിറത്തിൽ മാറ്റം വരാം. ഇതിന്റെ അടിസ്ഥാനത്തിൽ മഞ്ഞച്ചേര എന്നും കരിഞ്ചേര എന്നുമൊക്കെ വിളിക്കുന്നു.

മനുഷ്യവാസമുള്ളയിടങ്ങളിലും കൃഷിയിടങ്ങളിലും കാടുകളിലും ഒരുപോലെ ജീവിക്കാനുള്ള കഴിവ് ഈ പാമ്പിന് ഉണ്ട്. എലികൾ കൂടുതലുള്ളയിടങ്ങളിലും ചിതൽപ്പുറ്റിനടുത്തും കല്ലുകളും തടിക്കഷ്ണങ്ങളുമൊക്കെ കൂട്ടിയിട്ടിരിക്കുന്നയിടത്തൊക്കെയാണ് ചേരയെ കൂടുതലായി കാണുന്നത്.

പ്രധാനമായും എലികൾ, പല്ലികൾ, ഉഭയജീവികൾ എന്നിവയെയൊക്കെയാണ് ചേര ഭക്ഷിക്കുന്നത്. വേഗത്തിൽ ഇഴഞ്ഞുപോകാനും മരങ്ങളിൽ കയറാനുമൊക്കെ ഇവയ്ക്ക് സാധിക്കും. ശല്യപ്പെടുത്തിയാൽ പെട്ടെന്ന് ഇഴഞ്ഞ് രക്ഷപ്പെടാനോ തിരിച്ച് ആക്രമിക്കാനോ ശ്രമിക്കും.

മുട്ടയിട്ട് പ്രജനനം നടത്തുന്നു

രാജവെമ്പാല ഒഴികെയുള്ള മറ്റ് പാമ്പുകളെപ്പോലെ ചേര മുട്ടയിട്ടാണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത്. ആരോഗ്യസ്ഥിതിയും ശാരീരിക പ്രത്യേകതയും അനുസരിച്ചാണ് എത്ര മുട്ടയിടുന്നെന്ന് തീരുമാനിക്കുന്നത്. സാധാരണയായി ഒമ്പത് മുതൽ 20 വരെ മുട്ടകൾ വരെ ഇടാറുണ്ട്.

രാജവെമ്പാലയുടെ ഭക്ഷണം

വിഷ പാമ്പുകളെയും വിഷമില്ലാത്തവയേയും ഉരങ്ങളെയും ഭക്ഷണമാക്കുന്നതാണ് രാജവെമ്പാലയുടെ രീതി. രാജവെമ്പാല ഏറ്റവും കൂടുതൽ ആക്രമിക്കുന്ന ചേരയെത്തന്നെയാണ്. നിമിഷനേരം കൊണ്ടാണ് ഇവ ചേരയെ കീഴ്‌പ്പെടുത്തി അകത്താക്കുന്നത്.

അളമുട്ടിയാൽ ചേരയും കടിക്കും

വിഷമില്ലാത്ത പാമ്പാണ് ചേര. വിഷമില്ലെങ്കിലും അളമുട്ടിയാൽ ചേരയും കടിക്കും. നൂറോളം പല്ലുകളാണ് ചേരയ്‌ക്ക് ഉള്ളത്. തന്റെ ജീവന് ആപത്താണെന്ന് തോന്നുമ്പോഴും ഇരയാണെന്ന് കരുതിയുമൊക്കെയാണ് ചേര കടിക്കുന്നത്. നന്നായി കടിക്കുമെങ്കിലും ഇതുമൂലം മനുഷ്യ ജീവന് ആപത്തൊന്നുമുണ്ടാകാറില്ല.


മഞ്ഞചേര മലർന്നുകടിച്ചാൽ മലയാളത്തിൽ മരുന്നില്ല എന്നൊരു ചൊല്ല് കേട്ടിട്ടുണ്ടോ? അതായത് വിഷമില്ലാത്തതിനാൽ ഇതിന് പ്രത്യേകിച്ച് മരുന്നൊന്നുമില്ല. എന്നാൽ കടിയേറ്റാൽ അണുബാധയും മറ്റും വരാൻ സാദ്ധ്യതയുള്ളതിനാൽ ആശുപത്രിയിൽ പോയി ചികിത്സ തേടണം.

വിഷമില്ലെങ്കിൽപ്പോലും ചേര ചുറ്റിയാൽ അവിടെ അഴുകിപ്പോകുമെന്ന രീതിയിൽ ആളുകളിൽ സംശയമുണ്ട്. എന്നാൽ ഇത്തരത്തിലുള്ള പേടിയുടെ ആവശ്യമില്ല. ചേര ചുറ്റിയാൽ അഴുകില്ലത്രേ. ഇതൊക്കെ വെറും കഥകൾ മാത്രമാണ്. ചേര വാലുകൊണ്ട് കുത്തും എന്നതും കെട്ടുകഥ മാത്രമാണ്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button