test del 2

മാലിയിൽ ചാവേറാക്രമണം; പ്രതിരോധ മന്ത്രി സദിയോ കമാറ കൊല്ലപ്പെട്ടു, വിമതരും ഭീകരവാദികളും കൈകോർത്തു


ബമാകോ: പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയുടെ പ്രതിരോധ മന്ത്രി സദിയോ കമാറ ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബമാകോയ്ക്ക് സമീപമുള്ള അദ്ദേഹത്തിന്റെ വസതി ലക്ഷ്യമിട്ടായിരുന്നു ആക്രമണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാവാദ ഗ്രൂപ്പുകളും വിഘടനവാദികളും ഒരേസമയം നടത്തിയ ഏകോപിത ആക്രമണങ്ങളുടെ ഭാഗമായാണ് ഈ ദാരുണ സംഭവം. പ്രാദേശിക സമയം ശനിയാഴ്ച പുലർച്ചെയാണ് സദിയൊ കാമറയെ ലക്ഷ്യമിട്ട് ആക്രമണം നടന്നത്. സ്‌ഫോടകവസ്തുക്കൾ നിറച്ച ട്രക്ക് മന്ത്രിയുടെ വസതിയിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നുവെന്ന് സർക്കാർ വക്താവ് ഈസ ഉസ്മാൻ കൗലിബാലി അറിയിച്ചു. ആക്രമണകാരികളുമായി മന്ത്രി വെടിയുതിർക്കുകയും ചിലരെ വധിക്കുകയും ചെയ്തുവെങ്കിലും പരിക്കേറ്റ അദ്ദേഹം പിന്നീട് ആശുപത്രിയിൽ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. ആക്രമണത്തിൽ കാമറയുടെ കുടുംബത്തിലെ മൂന്ന് അംഗങ്ങളും കൊല്ലപ്പെട്ടു . മന്ത്രിയുടെ വസതി പൂർണ്ണമായും തകരുകയും സമീപത്തെ പള്ളി നശിക്കുകയും ചെയ്തു. പള്ളിയിൽ പ്രാർത്ഥനയ്‌ക്കെത്തിയ നിരവധി പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരവാദ ഗ്രൂപ്പായ ജെഎൻഐഎം (JNIM), വിഘടനവാദി ഗ്രൂപ്പായ എഫ്എൽഎ (FLA) എന്നിവർ ചേർന്ന് കാത്തി, ഗാവോ, കിഡാൽ, സെവാരെ, മോപ്തി തുടങ്ങിയ നഗരങ്ങളിൽ ഒരേസമയം ആക്രമണം നടത്തി. വർഷങ്ങൾക്കിടയിൽ മാലി നേരിടുന്ന ഏറ്റവും വലിയ ഏകോപിത ആക്രമണമാണിതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. വടക്കൻ നഗരമായ കിഡാൽ ഇപ്പോൾ തങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലാണെന്ന് എഫ്എൽഎ അവകാശപ്പെട്ടു. മാലി സൈന്യത്തെ സഹായിച്ചിരുന്ന റഷ്യൻ കൂലിപ്പടയാളികൾ (Africa Corps) അവിടെ നിന്നും പിൻമാറാൻ ധാരണയായതായും റിപ്പോർട്ടുകളുണ്ട്.ആക്രമണത്തെത്തുടർന്ന് മാലിയിലെ ഭരണകൂടത്തിന്റെ തലവൻ ജനറൽ അസിമി ഗോയിറ്റയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. രാജ്യത്തുടനീളം അതീവ ജാഗ്രതാ നിർദ്ദേശം നൽകുകയും തലസ്ഥാനമായ ബമാകോയിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആക്രമണത്തെ ശക്തമായി അപലപിക്കുകയും മാലിയിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. പശ്ചിമാഫ്രിക്കൻ പ്രാദേശിക കൂട്ടായ്മയായ ഇക്കോവാസ് (Ecowas), ബുർക്കിനാ ഫാസോ ഭരണാധികാരി ഇബ്രാഹിം ട്രോറെ എന്നിവരും ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി.


Source link

Back to top button