LATEST

‘ഇഡിയുടേത് സ്ഥിരം കലാപരിപാടി’; മസാല ബോണ്ടിൽ എല്ലാ നിയമങ്ങളും പാലിച്ചെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം: കിഫ്ബിയുടെ മസാലബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവർക്കെതിരെ ഇഡിയുടെ നോട്ടീസ് ലഭിച്ചെന്ന് സ്ഥിരീകരിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്ക്. ഇഡിയുടേത് സ്ഥിരം കലാപരിപാടിയാണെന്നും തിരഞ്ഞെടുപ്പ് കാലത്ത് കേസ് കുത്തിപ്പൊക്കുകയാണെന്ന് തോമസ് ഐസക്ക് പറഞ്ഞു. ഇഡിയുടെ ഇപ്പോഴത്തെ പ്രചാരണം ബിജെപിക്കും യുഡിഎഫിനും വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘മസാല ബോണ്ട് എല്ലാ നിയമങ്ങളും പാലിച്ചാണ് ഇടപാട്. എല്ലാം വ്യക്തമാക്കിയിട്ടും വീണ്ടും നോട്ടീസ് അയയ്ക്കുന്നു. തന്റെയും കുടുംബത്തിന്റെയും അക്കൗണ്ട് വരെ ഇഡി പരിശോധിച്ചു. എല്ലാം വ്യക്തമാക്കിയിട്ടും വീണ്ടും നോട്ടീസ് അയയ്ക്കുന്നു. പതിനായിരക്കണക്കിന് കോടി രൂപയുടെ ഇടപാട് നടത്തുന്ന സ്ഥാപനമല്ലേ കിഫ്ബി? ഇത്രയും പണമിടപാട് നടത്തുന്ന സ്ഥാപനത്തിൽ എന്തെങ്കിലും തടയുമെന്നാണ് ഇഡി യജമാനന്മാർക്കും ബിജെപിയുടെ അധികാരികളും കരുതുന്നത്. അതുകൊണ്ടായിരിക്കാം ഒരു ആവശ്യങ്ങളും ഇല്ലാത്ത ചോദ്യങ്ങൾ ചോദിച്ച് നോട്ടീസ് അയച്ചുകൊണ്ടിരിക്കുന്നത്.

ഇതുവരെയും അന്വേഷണത്തിന് ഇഡി ഓഫീസിൽ ഹാജരാകാനായിരുന്നു നോട്ടീസുകൾ. എന്റെ മാത്രമല്ല, കുടുംബാംഗങ്ങളുടെയടക്കം ബാങ്ക് രേഖകളുമായി ഹാജരാകാനായിരുന്നു ആദ്യ നോട്ടീസ്. ഇത് എന്റെ സ്വകാര്യതയലേക്കുള്ള കടന്നുകയറ്റമാണ്. എന്തിനാണ് ഈ രേഖകൾ എന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ ഞാൻ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു. അപ്പോൾ രേഖകളുടെ എണ്ണം കുറച്ചു. എങ്കിലും ഹാജരായേപറ്റൂ. ഞാൻ വീണ്ടും കോടതിയിൽ പോയി. അപ്പോൾ കോടതിയും ചോദിച്ചു എന്തിനാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്? അതിനു കാരണം വ്യക്തമാക്കണം. ഈ ചോദ്യത്തിന് ഇന്നേവരെ ഉത്തരം നൽകാൻ ഇഡിക്ക് കഴിഞ്ഞിട്ടില്ല’- തോമസ് ഐസക്ക് പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന് പുറമേ മുൻ ധനമന്ത്രി ടി എം തോമസ് ഐസക്, കിഫ്ബി സിഇഒ കെ എം എബ്രഹാം എന്നിവർക്കും ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. മൂന്ന് വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് മുന്നിൽ ഇഡി ഇതുസംബന്ധിച്ച് പരാതി സമർപ്പിച്ചത്. മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ വികസനത്തിന് വിനിയോഗിച്ചത് ഫെമ ചട്ടലംഘനം ആണെന്നാണ് ഇഡി കണ്ടെത്തിയത്.

2019ൽ ലണ്ടൻ സ്റ്റോക് എക്സ്‌ചേഞ്ചിൽ 9.72 ശതമാനം പലിശയിൽ മസാല ബോണ്ടിറക്കി 2150 കോടി രൂപയാണ് സർക്കാർ സമാഹരിച്ചത്. 2019 ജനുവരിയിൽ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലെ യോഗത്തിൽ ആണ് മസാല ബോണ്ട് ഇറക്കാൻ തീരുമാനമായത്. വിദേശ വാണിജ്യ വായ്പ സർക്കാർ ദുരുപയോഗം ചെയ്‌തെന്നാണ് ഇഡി കണ്ടെത്തൽ.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button