മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കം ഇഡി നോട്ടീസ്. അന്വേഷണത്തിൽ ഫെമ ചട്ടലംഘനം നടന്നതായി കണ്ടെത്തിയതോടെയാണ് മുഖ്യമന്ത്രിക്കടക്കം ഇഡി നോട്ടീസ് നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി ടി എം തോമസ് ഐസക്, കിഫ്‌ബി സിഇഒ കെ എം എബ്രഹാം എന്നിവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ഇഡി മൂന്ന് വർഷം നീണ്ട അന്വേഷണത്തിനൊടുവിൽ അഡ്‌ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് മുന്നിൽ പരാതി സമർപ്പിച്ചത്.
മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ വികസനത്തിന് വിനിയോഗിച്ചത് ഫെമ ചട്ടലംഘനം ആണെന്നാണ് ഇഡി കണ്ടെത്തിയത്. 2019ൽ ലണ്ടൻ സ്റ്റോക് എക്‌സ്‌ചേഞ്ചിൽ 9.72 ശതമാനം പലിശയിൽ മസാല ബോണ്ടിറക്കി 2150 കോടി രൂപയാണ് സമാഹരിച്ചത്. 2019 ജനുവരിയിൽ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലെ യോഗത്തിൽ ആണ് മസാല ബോണ്ട് ഇറക്കാൻ തീരുമാനമായത്. വിദേശ വാണിജ്യ വായ്‌പ സർക്കാർ ദുരുപയോഗം ചെയ്തെന്നാണ് ഇഡി കണ്ടെത്തൽ.
നോട്ടീസിന് നേരിട്ടോ പ്രതിനിധിയോ അഭിഭാഷകൻ മുഖേനയോ മറുപടി നൽകാമെന്നാണ് വിവരം. ഇരുപക്ഷവും കേട്ടശേഷം അഡ്‌ജുഡിക്കേറ്റിംഗ് അതോറിറ്റി വേണ്ട തീരുമാനമെടുക്കും.
Source link

