LATEST

നിലയ്ക്കാത്ത ഗർജ്ജനം

വിരാടിന്റെ സെഞ്ച്വറി,ദക്ഷിണാഫ്രിക്കയുടെ പോരാട്ടം; റാഞ്ചിയിൽ ഇന്ത്യൻ ജയം

റാഞ്ചി : തന്റെ കരിയറിലെ 52-ാം ഏകദിന സെഞ്ച്വറിയുമായി തകർത്താടിയ വിരാടിന്റെ കേളീമികവിനെ ചേസ് ചെയ്യാനുള്ള ദക്ഷിണാഫ്രിക്കയുടെ ശ്രമം വിഫലം. ഇന്നലെ റാഞ്ചിയിൽ നടന്ന മൂന്നുമത്സരപരമ്പരയിലെ ആദ്യ ഏകദിനത്തിൽ ഇന്ത്യ 17 റൺസിന് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് (135), രോഹിത് ശർമ്മ (57), കെ.എൽ രാഹുൽ (60) എന്നിവരുടെ ബാറ്റിംഗ് മികവിൽ 349/8 എന്ന സ്കോർ ഉയർത്തി. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 11 റൺസിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായെങ്കിലും മാത്യു ബ്രീസ്കെ(72),മാർക്കോ യാൻസൺ(70),കോർബീൻ ബോഷ് (67), ഡെവാൾഡ് ബ്രെവിസ് (37) എന്നിവർ പൊരുതിയെങ്കിലും 49.2 ഓവറിൽ 332 റൺസിൽ ആൾഔട്ടാകേണ്ടിവന്നു. റാഞ്ചിയിലെ മഞ്ഞിൽ ബൗളിംഗും ഫീൽഡിംഗും ബുദ്ധിമുട്ടായിട്ടും ഇന്ത്യ സ്കോർ പ്രതിരോധിച്ചു.

കാലങ്ങൾ കടന്നാലും നിലയ്ക്കാത്ത സാഗര ഗർജ്ജനം പോലെയായിരുന്നു ഇന്നലെ വിരാടിന്റെ ബാറ്റിംഗ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർ യശസ്വി ജയ്സ്വാളിനെ (18) നാലാം ഓവറിൽ നഷ്ടമായതോടെ രോഹിതിനരികിലേക്കെത്തിയ വിരാട് രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 136 റൺസായിരുന്നു ഇന്ത്യൻ ഇന്നിംഗ്സിന്റെ നട്ടെല്ല് . സിക്സടിയുടെ റെക്കാഡ് തിരുത്തിക്കുറിച്ച രോഹിത് അർദ്ധസെഞ്ച്വറിയുമായി മടങ്ങിയെങ്കിലും വിരാട് ക്ഷമയോടെ ക്രീസിൽ നിന്ന് ചരിത്രശതകം സ്വന്തം പേരിലെഴുതുന്നു. ഇതിനിടയിൽ റുതുരാജ് ഗെയ്ക്ക്‌വാദും (8), വാഷിംഗ്ടൺ സുന്ദറും (13) മടങ്ങിയെങ്കിലും കെ.എൽ രാഹുലിനൊപ്പം നിന്ന് സെഞ്ച്വറി തികച്ച വിരാട് വീണ്ടും ഷോട്ടുകൾ ഉതിർത്തു.123 പന്തുകളിൽ 11 ഫോറുകളും ഏഴ് സിക്സുകളും പറത്തി 135 റൺസെടുത്ത വിരാട് 43-ാം ഓവറിലാണ് തിരിച്ചുനടന്നത്.

തുടർന്ന് കെ.എൽ രാഹുലും (60), രവീന്ദ്ര ജഡേജയും (32) ചേർന്ന് 347ലേക്ക് എത്തിച്ചു.56 പന്തുകളിൽ രണ്ടുഫോറും മൂന്ന് സിക്സുമടക്കം 60 റൺസടിച്ച രാഹുലിനെ 49-ാം ഓവറിലും 20 പന്തുകളിൽ രണ്ട് ഫോറുകളും ഒരു സിക്സുമടക്കം 32 റൺസടിച്ച ജഡേജയേയും അർഷ്ദീപ് സിംഗിനെയും (0) അവസാന ഓവറിലുമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാർക്കോ യാൻസൺ, നാന്ദ്രേ ബർഗർ,കോർബിൻ ബോഷ്,ബാർട്ട്മാൻ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

ബൗളിംഗിൽ റാണാരവം

വമ്പൻ ലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിൽതന്നെ ഇരട്ടപ്രഹരമേൽപ്പിക്കുകയായിരുന്നു ഹർഷിത് റാണ. രണ്ടാം ഓവറിലെ ആദ്യ പന്തിൽ റയാൻ റിക്കിൾട്ടണിന്റെ(0) കുറ്റിതെറുപ്പിച്ച റാണ മൂന്നാം പന്തിൽ ഡികോക്കിനെ (0) കീപ്പർ രാഹുലിന്റെ കയ്യിലെത്തിച്ചു.അഞ്ചാം ഓവറിൽ അർഷ്ദീപിന്റെ പന്തിൽ എയ്ഡൻ മാർക്രമിനെ(7) രാഹുൽ പിടികൂടിയതോടെ സന്ദർശകർ 11/3 എന്ന നിലയിലായി. നാലാം വിക്കറ്റിൽ മാത്യു ബ്രീസ്കേയും ടോണി ഡി സോർസിയും ചേർന്ന് ചെറുത്തുനിന്നു.15-ാം ഓവറിൽ ടീം സ്കോർ 77ൽ നിൽക്കവേ ഡി സോർസിയെ എൽ.ബിയിൽ കുരുക്കി കുൽദീപ് യാദവ് വീണ്ടും ഇന്ത്യയ്ക്ക് മേൽക്കൈ നൽകി. 22-ാം ഓവറിൽ ഡെവാൾഡ് ബ്രെവിസിനെ (37) ഹർഷിത് റാണ റുതുരാജിന്റെ കയ്യിലെത്തിച്ചതോടെ ദക്ഷിണാഫ്രിക്ക 130/5 എന്ന നിലയിലായി.

തുടർന്നാണ് യാൻസണും ബ്രീസ്കേയും ചേർന്ന് പോരാട്ടം തുടങ്ങിയത്.34-ാം ഓവറിൽ കുൽദീപ് യാൻസനെയും ബ്രീസകിെയേയും പുറത്താക്കിയതാണ് ഇന്ത്യയ്ക്ക് ആശ്വാസമായത്. എന്നാൽ കോർബിൻ ബോഷ് അവസാന ഓവർ വരെ പൊരുതി.

9

മാസത്തിന് ശേഷമാണ് വിരാട് കൊഹ്‌ലി ഏകദിന ഫോർമാറ്റിൽ സെഞ്ച്വറി നേടുന്നത്. ഈ വർഷം ഫെബ്രുവരിയിൽ പാകിസ്ഥാനെതിരെയായിരുന്നു വിരാടിന്റെ ഇതിനുമുമ്പുള്ള സെഞ്ച്വറി.

52

ഒരു ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കാഡ് ഇനി വിരാടിന് സ്വന്തം. ഏകദിനത്തിലെ വിരാടിന്റെ 52-ാമത് സെഞ്ച്വറിയായിരുന്നു ഇത്. ടെസ്റ്റിൽ 51 സെഞ്ച്വറികൾ നേടിയ സച്ചിന്റെ ഫോർമാറ്റ് അടിസ്ഥാനത്തിലെ റെക്കാഡാണ് വിരാട് തകർത്തത്.

83

അന്താരാഷ്ട്ര സെഞ്ച്വറികളാണ് വിരാടിന്റെ പേരിലുള്ളത്. ടെസ്റ്റിൽ 30 സെഞ്ച്വറികളും ട്വന്റി-20യിൽ ഒരു സെഞ്ച്വറിയും നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയവരുടെ പട്ടികയിൽ രണ്ടാമനാണ് വിരാട്. 100 സെഞ്ചുറി നേടിയ സച്ചിനാണ് പട്ടികയിൽ തലപ്പത്ത്.

3

റാഞ്ചിയിലെ തന്റെ മൂന്നാമത്തെ സെഞ്ച്വറിയാണ് ഇന്നലെ വിരാട് സ്വന്തം പേരിലെഴുതിച്ചേർത്തത്.

കാലിൽ വീണ് ആരാധകർ

റാഞ്ചിയിൽ വിരാട് സെഞ്ച്വറി ആഘോഷിക്കുന്നതിനിടെ സുരക്ഷാഭടൻമാരെ വെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിക്കയറിയ ആരാധകൻ താരത്തിന്റെ കാൽക്കൽ വീണു. ഇയാളെ വിരാട് പിടിച്ചെണീൽപ്പിച്ചു. പിന്നാലെ ഓടിയടുത്ത സുരക്ഷാഭടന്മാർ ആളെ ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോയി.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button