LATEST

‘ഡിറ്റ് വാ’ ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ ഒരു മരണം, തീരദേശത്ത് കനത്ത മഴ, 37 വിമാന സർവീസുകൾ റദ്ദാക്കി

ചെന്നൈ: ‘ഡിറ്റ് വാ’ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു. മഴക്കെടുതിയിൽ തഞ്ചാവൂർ ജില്ലയിൽ വീടിടിഞ്ഞ് വീണ് ഒരു യുവതി മരിച്ചു. തഞ്ചാവൂർ ജില്ലയിലെ കുഭകോണം, ആലമൻകുറിച്ചി സ്വദേശി രേണുകയാണ് (22) മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.

അച്ഛൻ, അമ്മ, സഹോദരി എന്നിവർക്കൊപ്പം രേണുക വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് വീട് ഇടിഞ്ഞുവീണത്. വലിയ ശബ്ദം കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോൾ വീട് തകർന്നു കിടക്കുന്നതാണ് കണ്ടത്. രേണുകയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പം അപകടത്തിൽപ്പെട്ട മറ്റ് മൂന്ന് പേർ പരിക്കുകളോടെ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസങ്ങളിൽ അതിശക്തമായ മഴയാണ് തഞ്ചാവൂരിൽ പെയ്യുന്നത്. ചുഴലിക്കാറ്റിന്റെ സ്വാധീനം കാരണം തമിഴ്നാട്ടിലെ തീരദേശ ജില്ലകളിൽ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. ചെന്നൈയിൽ നിന്നുള്ള 37 വിമാന സർവീസുകൾ ഇതുവരെ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. നാഗപട്ടണം, മൈലാടുതുറൈ, തിരുവാരൂർ ജില്ലകളിൽ വ്യാപകമായ കൃഷിനാശം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാഗപട്ടണത്ത് മാത്രം ഏകദേശം 5000 ഹെക്ടറോളം കൃഷിയിടങ്ങളിൽ വെള്ളം കയറി.

‘ഡിറ്റ് വാ’ ചുഴലിക്കാറ്റ് നിലവിൽ തമിഴ്നാട് പുതുച്ചേരി തീരത്തിന് സമാന്തരമായാണ് നീങ്ങുന്നത്. ഇതിന്റെ വേഗത കുറവാണ്. ഇന്ന് വൈകുന്നേരത്തോടെ വടക്കൻ തമിഴ്നാട് തീരത്തുകൂടി ചുഴലിക്കാറ്റ് കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഫലമായി ആന്ധ്രാപ്രദേശിന്റെ തെക്കൻ ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പ് അധികൃതർ നൽകിയിട്ടുണ്ട്.
TAGS: NEWS 360, NATIONAL, NATIONAL NEWS, DITWAH, CYCLONE, HEAVYRAIN, TAMILNADU, NATIONAL


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button