LATEST

കാനത്തിൽ ജമീല എം.എൽ.എ അന്തരിച്ചു

കോഴിക്കോട്: കൊയിലാണ്ടി എം.എൽ.എയും സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗവുമായ കാനത്തിൽ ജമീല (60)അന്തരിച്ചു. ഇന്നലെ രാത്രി 8.45 ഓടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മലബാറിലെ ആദ്യ മുസ്ലിം വനിത എം.എൽ. എയാണ്. കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റായിരുന്നു.ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റാണ്‌. കാൻസർ ബാധിതയായി വീട്ടിൽ വിശ്രമത്തിലായിരുന്ന ജമീലയെ ഇന്നലെ രാവിലെയാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അവർ ഒമ്പതു മാസത്തോളമായി ചെന്നൈയിലും കോഴിക്കോട്ടും സ്വകാര്യ ആശുപത്രികളിലായിരുന്നു. കഴിഞ്ഞ മാർ‌ച്ചിലെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ടിരിക്കെ കാൻസർ സ്ഥിരീകരിച്ചതിനെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സ തേടി. വീണ്ടും പൊതുപരിപാടികളിൽ സജീവമായിരുന്നു. .

ജമീല എൽ.ഐ.സി ഏജന്റായി പ്രവർത്തിക്കുന്ന കാലത്താണ് പൊതു പ്രവർത്തനത്തിലെത്തിയത്. 1995ൽ തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റായി 2000ത്തിൽ തലക്കുളത്തൂർ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷയും 2005ൽ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായി. 2010ലും 2020ലും കോഴിക്കോട്‌ ജില്ലാപഞ്ചായത്ത് പ്രസിഡന്റായി. നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സ്ഥാനം രാജി വച്ചു. ചികിത്സയിൽ കഴിയുമ്പോഴും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിൽ സജീവമായി . സംസ്ഥാന ഓർഫനേജ് കമ്മിറ്റിയിൽ സർക്കാർ പ്രതിനിധിയായിരുന്നു.കുറ്റ്യാടി നടുവിലക്കണ്ടി വീട്ടിൽ പരേതരായ ടി.കെ ആലിയുടേയും മറിയത്തിന്റെയും മകളാണ്. ഭർത്താവ്: കെ.അബ്ദുറഹ്മാൻ. മക്കൾ: ഐറിജ്റഹ്മാൻ (യു.എസ്. എ), അനൂജ സഹദ് (ന്യൂനപക്ഷ കോർപ്പറേഷൻ ഓഫീസ്, കോഴിക്കോട്). മരുമക്കൾ: സുഹൈബ്, തേജു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button