LATEST

മലബാറിലെ ആദ്യ മുസ്ലീം വനിതാ എംഎല്‍എ; പഞ്ചായത്ത് മെമ്പര്‍ മുതല്‍ എംഎല്‍എ വരെയായ മൂന്ന് പതിറ്റാണ്ട്

കോഴിക്കോട്: കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ വിയോഗം സിപിഎമ്മിന് കനത്ത നഷ്ടമാണ്. ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തും ജനങ്ങളിലൊരാളായും പ്രവര്‍ത്തിച്ച് പരിചയമുള്ള വനിതാ നേതാവിനെയാണ് കോഴിക്കോട്ടെ സിപിഎമ്മിന് നഷ്ടമായിരിക്കുന്നത്. മൂന്ന് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ എന്നും ജനങ്ങള്‍ക്കൊപ്പമായിരുന്നു കാനത്തില്‍ ജമീല. അവശതകളെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അര്‍ബുദം സ്ഥിരീകരിച്ചതോടെയാണ് അവര്‍ വിശ്രമത്തിലായത്. എങ്കിലും ഇടയ്ക്ക് അവശതകള്‍ മാറുമ്പോള്‍ ജനകീയ വിഷയങ്ങളില്‍ ഇടപെടാന്‍ അവര്‍ ശ്രദ്ധിച്ചിരുന്നു.

മലബാറിലെ മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള ആദ്യ വനിതാ എംഎല്‍എ കൂടിയായിരുന്നു കാനത്തില്‍ ജമീല. പഞ്ചായത്ത് മെമ്പര്‍, പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് അംഗം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ അവര്‍ മികവ് തെളിയിച്ചിട്ടുണ്ട്. കൊയിലാണ്ടിയില്‍ നിന്നുള്ള കന്നിയങ്കത്തില്‍ 8472 വോട്ടുകളുടെ ഭൂരിപക്ഷത്തിന് നിയമസഭയിലേക്ക് എത്തിയ കാനത്തില്‍ ജമീല രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിയാകുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ സജീവമായിരുന്നു.

1995ല്‍ തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലേക്ക് വിജയിച്ചതാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ജമീലയുടെ തുടക്കം. അതേ വര്‍ഷം തന്നെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കും എത്തി. 2005ലാണ് ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായത്. 2010-ല്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി. 2020-ല്‍ രണ്ടാം തവണയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെത്തി. 2021-ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊയിലാണ്ടിയില്‍നിന്ന് മത്സരിച്ച് നിയമസഭയിലേക്കെത്തി. കോണ്‍ഗ്രസിന്റെ എന്‍ സുബ്രഹ്‌മണ്യനെയാണ് ജമീല പരാജയപ്പെടുത്തിയത്.

കുറ്റ്യാടിയാണ് കാനത്തില്‍ ജമീലയുടെ സ്വദേശം. വിവാഹിതയായാണ് തലക്കുളത്തൂരേക്ക് എത്തുന്നത്. അവിടെ നിന്ന് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധിയായി പടിപടിയായിട്ടാണ് ജമീലയുടെ വളര്‍ച്ച. മലബാറിലെ സിപിഎമ്മിന്റെ ശക്തയായ വനിതാ മുഖമായിരുന്നു ജമീല. അകാലത്തിലുള്ള വിയോഗത്തിലൂടെ പാര്‍ട്ടിക്കും കേരളത്തിന്റെ പൊതുരംഗത്തിനും നഷ്ടമാകുന്നതും മാതൃകാപരമായ ഒരു രാഷ്ട്രീയ ജീവിതത്തിന്റെ ഉടമയെക്കൂടിയാണ്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button