LATEST

കുപ്പിയില്‍ സൂക്ഷിച്ച പെട്രോളിലേക്ക് തീപ്പൊരി വീണു, പൊള്ളലേറ്റ യുവാവിന് ദാരുണാന്ത്യം

പാലക്കാട്: പെട്രോളിലേക്ക് തീപ്പൊരി തെറിച്ചുണ്ടായ അപകടത്തില്‍ പൊള്ളലേറ്റ യുവാവ് മരിച്ചു. പാലക്കാട് പട്ടാമ്പിക്ക് സമീപം കൂറ്റനാട് സ്വദേശി മുഹമ്മദ് ഫാരിസ് (22) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പകല്‍ മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്. ആറങ്ങോട്ടുകരക്ക് സമീപം മേലെ തലശ്ശേരി ജുമാ മസ്ജിദിനടുത്ത് അത്താണിക്കല്‍ വീട്ടില്‍ മുസ്തഫയുടെ മകനാണ് മരിച്ച മുഹമ്മദ് ഫാരിസ്. വര്‍ക്ക് ഷോപ്പിലെ ജീവനക്കാരനായിരുന്നു യുവാവ്.

മുഹമ്മദ് ഫാരിസ് ജോലി ചെയ്യുന്ന ചിറ്റണ്ടയിലെ വര്‍ക്ക് ഷോപ്പില്‍ കേടായ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ ബൈക്കില്‍ നിന്ന് തീപ്പൊരി ചിതറുകയും പരിസരത്ത് സൂക്ഷിച്ചിരുന്ന പെട്രോള്‍ കുപ്പിയിലേക്ക് തീ പടരുകയുമായിരുന്നു. തീപ്പൊരി തെറിച്ചതിന് പിന്നാലെ വലിയ തീപ്പിടിത്തമുണ്ടാകുകയും മുഹമ്മദ് ഫാരിസിന് ഗുരുതരമായി പൊള്ളലേല്‍ക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടനെ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ച് ചികിത്സ നല്‍കിവരികയായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ഇയാളെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മേലെ തലശ്ശേരി മഹല്ല് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കും.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button