ആശാജി എന്ന രാഗസാമ്രാജ്യം

തൊള്ളായിരത്തി അറുപതുകളുടെ തുടക്കത്തിൽ ജനിച്ച്, എൺപതുകളിൽ യൗവനം പിന്നിട്ട ഞങ്ങളുടെ തലമുറയുടെ ആരാധനാപാത്രം രാഹുൽ ദേവ് ബർമ്മൻ എന്ന സംഗീത മാന്ത്രികനായിരുന്നു; പിൽക്കാലത്തെ സംഗീത പ്രേമികൾക്ക് എ.ആർ. റഹ്‌മാൻ എന്ന പോലെ! എസ്.ഡി ബർമ്മനും ശങ്കർ ജയ് കിഷനും മദൻ മോഹനും റോഷനുമെല്ലാം പിൻവാങ്ങിത്തുടങ്ങുകയായിരുന്നു അപ്പോൾ. മുഹമ്മദ് റാഫിയെ പിന്തള്ളിക്കൊണ്ട് കിഷോർ കുമാർ ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞിരുന്നു. ലതാ മങ്കേഷ്കർ എന്ന മഹാരാജ്ഞിയുടെ സിംഹാസനത്തിന് ഒരിളക്കവും സംഭവിച്ചിരുന്നില്ലെങ്കിലും സംഗീതപ്രേമികളുടെ മനസുകളിൽ ഒരു സമാന്തര സാമ്രാജ്യം പടുത്തുയർത്തിക്കഴിഞ്ഞിരുന്നു ഇളയ സഹോദരി.
വ്യത്യസ്തമായ ശൈലികളിൽ, വിവിധങ്ങളായ ഴാണറുകളിൽ (genre) ആലപിക്കാനുള്ള അസാമാന്യമായ സിദ്ധി – ആയിരക്കണക്കിന് ആരാധകരെ ഒപ്പം പാടാനും മതിമറന്നാടാനും പ്രേരിപ്പിക്കുന്ന ‘പിയാ തൂ അബ്തോ ആജാ” യും, ‘ദം മാരോ ദമ്മും,” ‘യേ മേരാ ദില്ലും” മാത്രമല്ല; മെലഡിയുടെ പാരമ്യങ്ങളായ ‘ദോ ലഫ്‌സോൻ കീ കഹാനി”യും, ‘ഇൻ ആംഖോം കി മസ്തി”യുമെല്ലാം ഉൾപ്പെടെ എത്രയെത്ര അതിഗംഭീരമായ പാട്ടുകളിലൂടെയാണ് ആശാ ഭോസ്‌ലെയുടെ വശ്യമനോഹര ശബ്ദം ആസ്വാദകഹൃദയങ്ങളിൽ ആധിപത്യമുറപ്പിച്ചത്! പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്കറുടെ മക്കൾ രണ്ടുപേരും തീരെ ചെറുപ്പത്തിൽത്തന്നെ പാടിയും അഭിനയിച്ചും സിനിമയുടെ ഭാഗമായി. ലത നിശ്ചയദാർഢ്യത്തോടെ അതിവേഗം ഉയരങ്ങൾ കീഴടക്കി മുന്നേറുമ്പോൾ ആശ തന്റെ ഇരട്ടി പ്രായമുള്ള ഒരാളോടൊപ്പമുള്ള ഒളിച്ചോട്ടവും വിവാഹവും ദുരന്തമായി പരിണമിച്ച കുടുംബ ജീവിതവുമൊക്കെയായി ഒതുങ്ങിക്കൂടുകയായിരുന്നു. പിന്നണി ഗാനരംഗത്തെ ലതയുടെ ഏകച്ഛത്രാധിപത്യത്തെ എതിർക്കുകയും വെല്ലുവിളിക്കുകയും ചെയ്ത ഓംകാർ പ്രസാദ് നയ്യാർ എന്ന ഓ.പി. നയ്യാർ ലതയെ പാടേ ഒഴിവാക്കിക്കൊണ്ട് ഗീതാ ദത്തിനെയും ഷംഷാദ് ബീഗത്തെയുമൊക്കെക്കൊണ്ടാണ് തന്റെ പാട്ടുകൾ പാടിച്ചിരുന്നത് .
Source link


