LATEST

‘കസ്റ്റഡിയിലെടുത്ത യുവതിയെ ബലാത്സംഗം ചെയ്തു, കൈക്കൂലി വാങ്ങി വിട്ടയച്ചു’; ഡിവൈഎസ്‌പി ഉമേഷിനെതിരെ ഗുരുതര റിപ്പോർട്ട്

പാലക്കാട്: പെൺവാണിഭക്കേസിൽ കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന ആരോപണത്തിൽ വടകര ഡിവൈഎസ്‌പി എ ഉമേഷിനെതിരെ ഗുരുതര റിപ്പോർട്ട്. ജീവനൊടുക്കിയ എസ്എച്ച്ഒ ബിനുതോമസിന്റെ ആത്മഹത്യാക്കുറിപ്പിലാണ് കഴിഞ്ഞ വർഷം നടന്ന സംഭവത്തിന്റെ വിവരങ്ങളുള്ളത്. വടക്കാഞ്ചേരി എസ്എച്ച്ഒ ആയിരുന്ന ഘട്ടത്തിലാണ് ഉമേഷ് യുവതിയെ പീഡിപ്പിച്ചതെന്നാണ് ആരോപണം.

ഇയാൾക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തുകൊണ്ട് പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത് കുമാര്‍ ഐപിഎസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസെടുത്ത് അന്വേഷണം നടത്താന്‍ ഇനി ഡിജിപിയാണ് ഉത്തരവിടേണ്ടത്. ബിനുതോമസിന്റെ സഹായത്തോടെയാണ് ഉമേഷ് പീഡിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പെൺവാണിഭക്കേസിൽ കസ്റ്റഡിയിലെടുത്തവരില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നും കേസെടുക്കാതെ വിട്ടയച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ബിനുതോമസിന്റെ 35 പേജടങ്ങുന്ന ആത്മഹത്യാക്കുറിപ്പിലാണ് നിർണായക വിവരങ്ങളുള്ളത്. നാല്, അഞ്ച്, ആറ് പേജിലാണ് ആരോപണങ്ങളുള്ളത്. 2015ലായിരുന്നു സംഭവം.

ബിനുവിനെ ഈ മാസം പതിനഞ്ചിനാണ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഡ്യൂട്ടിക്കിടെ വിശ്രമിക്കാനെന്ന് പറഞ്ഞ് ക്വാർട്ടേഴ്‌സിലേക്ക് പോയതായിരുന്നു ബിനു. തിരികെ എത്താതായതോടെ സഹപ്രവർത്തകർ ചെന്നുനോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. മൃതദേഹത്തിന്‌ സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പും കിട്ടിയിരുന്നു.

കുടുംബപരമായ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു ആദ്യം പൊലീസ് പറഞ്ഞത്. എന്നാൽ ജോലിസംബന്ധമായ പ്രശ്നങ്ങളുമുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുയർന്നിരുന്നു. ഇതിനിടയിലാണ് ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നത്. ആറുമാസം മുൻപാണ് സ്ഥലം മാറ്റം ലഭിച്ച് ബിനുതോമസ് ചെർപ്പുളശ്ശേരിയിൽ എത്തിയത്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button