test del 3
യുഎസ്, ഇറാൻ ബന്ധം: ഗൾഫ് രാജ്യങ്ങൾ വിഷമാവസ്ഥയിൽ, ഹോർമുസ് ജീവന്മരണപ്രശ്നം

ന്യൂഡൽഹി∙ ഇന്ന് ഇസ്‌ലാമാബാദിൽ ആരംഭിക്കുന്ന യുഎസ് – ഇറാൻ സമാധാനചർച്ചകളുടെ പുരോഗതി ആകാംക്ഷയോടെ കാത്തിരിക്കുകയാണു ഗൾഫ് രാജ്യങ്ങൾ. യുഎസിനെയും ഇസ്രയേലിനെയും പോലെ യുദ്ധപ്രഖ്യാപനം നടത്തിയില്ലെങ്കിലും പോരാട്ടത്തിൽ അവരും പങ്കാളികളായിരുന്നു. യുഎസ് സൈനികത്താവളങ്ങൾക്ക് ആതിഥേയത്വം നൽകിയതിന്റെ പേരിലും ആ താവളങ്ങളിൽനിന്ന് ഇറാനിലേക്ക് ആക്രമണമുണ്ടായതിന്റെ പേരിലും ഇറാന്റെ മിസൈൽ–ഡ്രോൺ പ്രഹരത്തിനു ഗൾഫ് രാജ്യങ്ങളും ഇരയായിരുന്നു.ആക്രമണം ഗൾഫ് രാജ്യങ്ങളും ഇറാനുമായുള്ള ഭാവിബന്ധങ്ങളെയും ബാധിച്ചെന്നു വരാം. ഇറാനുമായി ബന്ധം പുലർത്താൻ സൗദി അറേബ്യയ്ക്കു താൽപര്യമുണ്ടെന്നാണു സൂചന. ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാർ തമ്മിൽ ഇന്നലെയും ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ, ഇറാനോടു കടുത്ത നിലപാട് വേണമെന്ന അഭിപ്രായത്തിലാണ് യുഎഇ എന്നാണ് അറിയുന്നത്. വെടിനിർത്തൽ പ്രഖ്യാപിച്ചശേഷവും ഇറാന്റെ ലാവൻ ദ്വീപിലെ ഊർജസമുച്ചയത്തിലേക്ക് ആക്രമണം നടത്തിയതു യുഎഇ ആണെന്നാണ് ഇറാന്റെ ആരോപണം.യുഎസിനെ പൂർണമായി ആശ്രയിക്കുന്ന സുരക്ഷാനയത്തിലും ഗൾഫ് രാജ്യങ്ങൾ പുനർവിചിന്തനം നടത്താനിടയുണ്ട്. ഇസ്രയേലിന്റെ താൽപര്യം മാത്രമേ യുഎസ് അല്ലെങ്കിൽ ട്രംപ് ഭരണകൂടം സംരക്ഷിക്കുന്നുള്ളൂ എന്ന ചിന്താഗതി ഗൾഫ് രാജ്യങ്ങളിലെ ഏതാനും നയതന്ത്രജ്ഞർക്കിടയിലുണ്ട്. എന്നാൽ, യുഎസിനെ കയ്യൊഴിഞ്ഞുള്ള സുരക്ഷാപദ്ധതി നിലവിൽ ആലോചിക്കാനുമാകില്ല. ഇങ്ങനെയൊരു വിഷമവൃത്തത്തിലാണ് ഗൾഫ് രാജ്യങ്ങൾ.
Source link


