മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു; തമിഴ്നാടിന് കത്തയച്ച് കേരളം, കൂടുതൽ ജലം കൊണ്ടുപോകണമെന്ന് ആവശ്യം

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതോടെ കൂടുതൽ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാടിന് കത്തയച്ച് കേരളം. മന്ത്രി റോഷി അഗസ്റ്റ്യനാണ് ഇക്കാര്യം അറിയിച്ചത്. ഇതേത്തുടര്‍ന്ന് ഇന്നലെ മുതല്‍ തമിഴ്‌നാട് ടണൽ വഴി കൂടുതല്‍ ജലം കൊണ്ടുപോയി തുടങ്ങിയതായും മന്ത്രി അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് 140.20 അടിയായിരുന്നു മുല്ലപ്പെരിയാറിലെ ജലനിരപ്പ്. പരമാവധി സംഭരണശേഷിയായ 142 അടിയാണ് റൂള്‍ കര്‍വെങ്കിലും ജലനിരപ്പ് 140 അടിയില്‍ നിലനിര്‍ത്തുന്നതിനായി കൂടുതല്‍ ജലം കൊണ്ടുപോകണമെന്നാണ് കേരളം ആവശ്യപ്പെട്ടത്.
കേരളത്തിന്റെ ആവശ്യം അംഗീകരിച്ച തമിഴ്‌നാട് കൂടുതല്‍ ജലം കൊണ്ടുപോകുന്നതിനുള്ള നടപടി ആരംഭിക്കുകയായിരുന്നു. അപ്രതീക്ഷിതമായി മഴ പെയ്ത് ജലനിരപ്പ് പെട്ടെന്ന് ഉയരാനുള്ള സാഹചര്യം തടയുന്നതിനാണ് കേരളം കത്തയച്ചത്. കൂടുതല്‍ ജലം കൊണ്ടുപോയി തുടങ്ങിയതോടെ ജലനിരപ്പ് 140 അടിയിലേക്ക് താഴുന്നു.
കഴിഞ്ഞ മാസം 17ന് രാത്രിയില്‍ പെയ്ത അതിശക്തമായ മഴയിൽ ഡാമിൽ അഞ്ചുമണിക്കൂർ കൊണ്ട് നാലടിയിൽ അധികം ജലം കൂടിയിരുന്നു. അന്ന് 132.90 അടിയില്‍ നിന്ന് 137 അടിയായാണ് ജലനിരപ്പ് ഉയര്‍ന്നത്. അതേസമയം, പെരിയാറിൽ ജലനിരപ്പ് താഴ്ന്ന് നിൽക്കുന്നതിനാൽ, അണക്കെട്ട് തുറക്കേണ്ടിവന്നാൽപ്പോലും തീരദേശവാസികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
Source link
