test del 2
ജയിച്ചത് ഇറാൻ, മേൽനോട്ടം ഇപ്പോഴും മുജ്തബ തന്നെ; ഇന്ത്യക്കാർ അസാധാരണ വ്യക്തിത്വങ്ങൾ -ഇറാൻ പ്രതിനിധി

ന്യൂഡൽഹി: യു.എസുമായുള്ള യുദ്ധത്തിൽ ജയിച്ചത് ഇറാനാണെന്ന് ഇന്ത്യയിലെ ഇറാൻ പരമോന്നത നേതാവിന്റെ പ്രതിനിധി ഡോ. അബ്ദുൽ മജീദ് ഹക്കീം ഇലാഹി. ഒരുമാസം നീണ്ടുനിന്ന കടുത്ത പോരാട്ടത്തിന് ശേഷം ഇരുരാജ്യങ്ങളും രണ്ടാഴ്ചത്തെ വെടിനിർത്തലിന് ധാരണയായ പശ്ചാത്തലത്തിൽ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇറാൻ മുന്നോട്ടുവെച്ച മുഴുവൻ നിബന്ധനകളും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകരിക്കുകയായിരുന്നു. പരമോന്നത നേതാവ് മുജ്തബ ഖമേനേയിയാണ് എല്ലാ കാര്യങ്ങൾക്കും മേൽനോട്ടം വഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ഇറാനും യു.എസും തമ്മിലുള്ള സംഘർഷത്തിനിടയിൽ ഇന്ത്യ നടത്തിയ നയതന്ത്ര ഇടപെടലുകളെ ഇലാഹി പ്രശംസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാനിയൻ നേതൃത്വവുമായി പലതവണ ക്രിയാത്മകമായ ചർച്ചകൾ നടത്തി. വിദേശകാര്യ മന്ത്രിമാരും നിരന്തരമായ ആശയവിനിമയം നടത്തി. ഇന്ത്യക്കാർ അസാധാരണമായ സ്വഭാവഗുണമുള്ളവരാണെന്നും അവരെ വർണിക്കാൻ വാക്കുകൾ ലഭിക്കുന്നില്ലെന്നും അദ്ദേഹം വികാരാധീനനായി പറഞ്ഞു.ഇറാനിലുള്ള ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് തങ്ങൾ വലിയ മുൻഗണനയാണ് നൽകുന്നതെന്നും ഇലാഹി വ്യക്തമാക്കി. ഇറാനിലുള്ള ഇന്ത്യൻ സഹോദരങ്ങളുടെ സംരക്ഷണം തന്റെ ഉത്തരവാദിത്വമാണ്. അയൽരാജ്യങ്ങളുമായോ അറബ് രാജ്യങ്ങളുമായോ യുദ്ധത്തിന് ഇറാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ഇറാനെ ആക്രമിക്കാൻ അമേരിക്ക ഈ രാജ്യങ്ങളിലെ സൈനിക താവളങ്ങൾ ഉപയോഗിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.അറബ് രാജ്യങ്ങളിൽനിന്നാണ് ഇറാനിലെ സ്കൂളുകൾക്ക് നേരെ ഉൾപ്പെടെ മിസൈൽ ആക്രമണമുണ്ടായത്. അതിന്റെ തെളിവുകൾ ഇറാന്റെ പക്കലുണ്ട്. അമേരിക്കൻ താവളങ്ങളെ മാത്രമാണ് ഇറാൻ ലക്ഷ്യംവെച്ചത്. ഒരു രാജ്യത്തേയും സാധാരണക്കാരെ ആക്രമിക്കാൻ തങ്ങൾക്ക് ഉദ്ദേശമില്ല. തങ്ങൾക്ക് സംരക്ഷണമൊരുക്കാൻ യു.എസിന് കഴിയില്ലെന്ന് അറബ് രാജ്യങ്ങൾക്ക് മനസ്സിലായെന്ന് കരുതുന്നു. ഹോർമുസ് കടലിടുക്കിന്റെ കാര്യത്തിൽ ഇറാൻ ഉചിതമായ തീരുമാനമെടുക്കും. വെടിനിർത്തൽ തുടരുമെന്നും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
Source link


