test del 2
ഒടുവിൽ രണ്ടാഴ്ചത്തെ വെടിനിർത്തലിന് സമ്മതിച്ച് ഇറാനും യുഎസും; ഹോർമുസ് തുറക്കും, പാകിസ്താനിൽ തുടർചർച്ച

വാഷിങ്ടൺ/ടെഹ്റാൻ: ഒരു മാസത്തിലേറെയായി പശ്ചിമേഷ്യയെ രക്തരൂഷിതവും സംഘർഷഭരിതവുമാക്കിയ യുദ്ധത്തിന് താത്കാലിക വിരാമമാകുന്നു. ട്രംപിന്റെ അന്ത്യശാസനം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ ഇറാനും യുഎസും താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു. പാകിസ്താന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയ്ക്കൊടുവിലാണ് വെടിനിർത്തൽ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രപും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും വെടിനിർത്തൽ സ്ഥിരീകരിച്ചു.ആക്രമണങ്ങൾ നിർത്തിയാൽ രണ്ടാഴ്ചത്തെ വെടിനിർത്തലിന് നിബന്ധനകളോടെ സമ്മതിച്ചതായി ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ അറിയിച്ചതായി അബ്ബാസ് അരാഗ്ചി പ്രസ്താവനയിൽ അറിയിച്ചു. ഇറാൻ സൈന്യത്തിന്റെ മേൽനോട്ടത്തിൽ അടുത്ത രണ്ടാഴ്ചത്തേക്ക് ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം അനുവദിക്കുമെന്നും ഇറാൻ വിദേശകാര്യമന്ത്രി പറഞ്ഞു.പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും ഫീൽഡ് മാർഷൽ അസിം മുനീറുമായുമുള്ള സംഭാഷണങ്ങളെ അടിസ്ഥാനമാക്കി, ബുധനാഴ്ച രാത്രി ഇറാനിൽ നടത്താനിരുന്ന വിനാശകരമായ സൈനിക നടപടി താൽക്കാലികമായി നിർത്തിവെക്കുന്നതായും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഹോർമുസ് തുറന്ന് നൽകുകയാണെങ്കിൽ രണ്ടാഴ്ചത്തേക്ക് വെടിനിർത്തലിന് സമ്മതിക്കുന്നുവെന്നും ട്രംപ് വ്യക്തമാക്കി.’ഹോർമുസ് കടലിടുക്ക് പൂർണമായും ഉടനടിയും സുരക്ഷിതമായും തുറന്നുനൽകാൻ സമ്മതിക്കുകയാണെങ്കിൽ, ഇറാനിൽ ബോംബാക്രമണവും മറ്റു ആക്രമണങ്ങളും രണ്ട് ആഴ്ചത്തേക്ക് ഞാൻ നിർത്തിവെക്കാൻ സമ്മതിക്കുന്നു. ഇതൊരു ഇരുപക്ഷ സമ്മതത്തിലുള്ള വെടിനിർത്തലായിരിക്കും.ഇങ്ങനെ ചെയ്യുന്നതിനുള്ള കാരണം, ഞങ്ങൾ ഇതിനകം എല്ലാ സൈനികലക്ഷ്യങ്ങളും നേടിയെടുക്കുകയും അതിനപ്പുറം പോകുകയും ചെയ്തു എന്നതാണ്’ ട്രംപ് പറഞ്ഞു.
Source link


