LATEST

പെട്രോള്‍ ഡീസല്‍ ഉപയോഗം ഗണ്യമായി കുറയുന്നു; അവസ്ഥയിലേക്ക് നയിക്കുന്നത് മൂന്ന് കാരണങ്ങള്‍

വി. ഹരീഷ് | Saturday 29 November, 2025 | 12:21 AM

കൊച്ചി: ഭൗമ രാഷ്ട്രീയ അനിശ്ചിത്വങ്ങളും റഷ്യന്‍ എണ്ണയ്ക്ക് മേലുള്ള ഉപരോധവും അവഗണിച്ച് ആഗോള ക്രൂഡോയില്‍ വിപണിയില്‍ വില സമ്മര്‍ദ്ദം രൂക്ഷമാകുന്നു. ഏഷ്യന്‍ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 62 ഡോളറിനടുത്തും അമേരിക്കന്‍ ഡബ്ള്യു.ടി.ഐ എണ്ണയുടെ വില 58 ഡോളറില്‍ താഴെയുമാണ് വ്യാപാരം നടക്കുന്നത്. ജനുവരിയ്ക്ക് ശേഷം വിലയില്‍ 20 ശതമാനത്തിലധികം ഇടിവാണുണ്ടായത്.

ഉത്പാദന വര്‍ദ്ധന തിരിച്ചടിലോകത്തിന് ആവശ്യമുള്ളതിലധികം എണ്ണ ഇപ്പോള്‍ വിപണിയിലെത്തുന്നതാണ് വിലയിടിവിന് കാരണം. റഷ്യന്‍ എണ്ണയ്ക്ക് ഉപരോധമുണ്ടായപ്പോള്‍ മറ്റു രാജ്യങ്ങള്‍ ഉത്പാദനം ഉയര്‍ത്തിയതും ഉപഭോഗത്തിലെ ഇടിവും വില ഇടിച്ചു. പ്രധാന എണ്ണ ഉത്പാദകരായ ഒപ്പെക്കും അമേരിക്ക, ബ്രസീല്‍, ഗയാന തുടങ്ങിയ രാജ്യങ്ങളും അധിക എണ്ണ വിപണിയിലെത്തിക്കുന്നു. നേരത്തെ എണ്ണ വില കുറയുമ്പോള്‍ ഉത്പാദനം നിയന്ത്രിക്കുന്ന തന്ത്രമാണ് ഒപ്പെക്ക് സ്വീകരിച്ചിരുന്നത്. അതിനാല്‍ വിപണിയുടെ നിയന്ത്രണം അവര്‍ക്കായിരുന്നു.

ഒപ്പെക്കിന്റെ സ്വാധീനം കുറയുന്നു

ബ്രസീലും ഗയാനയും അമേരിക്കയുമടക്കമുള്ള രാജ്യങ്ങള്‍ വിപണി വികസിപ്പിച്ചതോടെ ഒപ്പെക്കിന്റെ മേധാവിത്വം നഷ്ടമാകുകയാണ്. വിപണി നിയന്ത്രണം നിലനിറുത്താന്‍ ഉത്പാദനം ഉയര്‍ത്താന്‍ ഒപ്പെക് രാജ്യങ്ങള്‍ നിര്‍ബന്ധിതരായതോടെ എണ്ണ ലഭ്യത കൂടി. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദകര്‍ അമേരിക്കയാണ്. റഷ്യന്‍ എണ്ണയുടെ ഉപരോധത്തിലെ പ്രതിസന്ധി നേരിടാനായതും അമേരിക്കയുടെ വിപണി പ്രവേശനം മൂലമാണ്. ഏകദേശം 138 ലക്ഷം ബാരലാണ് അമേരിക്കയുടെ പ്രതിദിന എണ്ണ ഉത്പാദനം.

ഉപഭോഗം കുറയുന്നു


എണ്ണയുടെ ഉപഭോഗ വളര്‍ച്ച മന്ദഗതിയിലാണ്. ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ കണക്കനുസരിച്ച് ഉപഭോഗ ഇടിവ് വരും വര്‍ഷങ്ങളില്‍ ശക്തമാകും. വ്യാവസായിക മാന്ദ്യം, ചരക്കു നീക്കത്തിലെ ഇടിവ്, വൈദ്യുത വാഹനങ്ങളുടെ വളര്‍ച്ച എന്നിവയാണ് ഇതിനു പിന്നില്‍.

ഇന്ത്യയ്ക്ക് അനുകൂല സാഹചര്യം

എണ്ണ വിപണിയിലെ ചലനങ്ങള്‍ ഇന്ത്യയിലെ ചെറുകിട ഉപഭോക്താക്കള്‍ ഗൗനിക്കാറില്ല. പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ അതിനനുസരിച്ച് മാറ്റമുണ്ടാവാത്തതാണ് കാരണം.


എന്നാല്‍ ലോകത്തിലെ രണ്ടാമത്തെ ക്രൂഡോയില്‍ ഇറക്കുമതി രാജ്യമായ ഇന്ത്യയ്ക്ക് വിലയിലെ ഇടിവ് ഏറെ ആശ്വാസമാണ്. നമുക്കാവശ്യമായ എണ്ണയുടെ 87.89 ശതമാനവും ഇറക്കുമതിയിലൂടെയാണ് എത്തുന്നത്. മൊത്തം ഇറക്കുമതി ചെലവിന്റെ 25 ശതമാനത്തിനടുത്താണിത്.


എണ്ണ വില താഴുമ്പോള്‍ ഇറക്കുമതി ചെലവ് കുറയുന്നതിനാല്‍ പണപ്പെരുപ്പം നിയന്ത്രിക്കാനാകും. രാജ്യത്തെ വ്യാപാര കമ്മി കുറയാനും രൂപയുടെ സ്ഥിരത ഉറപ്പു വരുത്താനും ഇതിലൂടെ കഴിയും.

(ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്‌സിന്റെ കമ്മോഡിറ്റീസ് വിഭാഗം മേധാവിയാണ് ലേഖകന്‍)


Source link

Related Articles

Leave a Reply

Back to top button