test del 3
കൊല്ലത്ത് ‘ഗുണ്ടാ അസോസിയേഷൻ’ രൂപീകരിക്കാൻ ശ്രമം; വീട് കയ്യേറി ‘യോഗം’, ഓഫിസ് തുറക്കുമെന്ന് വിഡിയോ

കൊല്ലം ∙ നഗരത്തിൽ ഗുണ്ടാ താവളം തുറക്കാനായി യോഗം ചേർന്നവർക്ക് എതിരെ പൊലീസ് കേസെടുത്തു. ജനുവരിയിൽ കോളജ് ജംക്ഷനു സമീപം ശരദാ മഠത്തിന് അടുത്താണു യോഗം ചേർന്നത്. സംഭവത്തിൽ ജോനകപുറം സ്വദേശി നൗഫൽ, കിളികൊല്ലൂർ സ്വദേശി മണികണ്ഠൻ, ശക്തികുളങ്ങര സ്വദേശി സക്കറിയ, കോളജ് നഗർ സ്വദേശി ഷെറിൻ, പള്ളിത്തോട്ടം സ്വദേശി ഷാനു, കടപ്പാക്കട സ്വദേശി നിസാമുദ്ദീൻ എന്നിവർക്ക് എതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തു. സംഘം ചേർന്നതിനും റോഡിൽ വലിയ ശബ്ദത്തിൽ പാട്ട് ഇട്ടു നൃത്തം ചെയ്തതിനും ആണ് കേസ്. നൗഫലിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ജിമ്മിനോടു ചേർന്നുള്ള വീടിന്റെ ഒരു മുറിയിലാണ് ഇവർ സംഘം ചേർന്നത്. 3 വർഷമായി ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ജിം പൊലീസ് ഇന്നലെ പൂട്ടിച്ചു.തോക്ക് ഉൾപ്പെടെയുളള മാരകായുധങ്ങളുമായി ആണ് ഇവർ എത്തിയതെന്നും പറയുന്നു. ജില്ലയിലെ മറ്റ് കുപ്രസിദ്ധ ഗുണ്ടാസംഘങ്ങളെപ്പോലെ സമൂഹ മാധ്യമത്തിൽ പേരെടുത്ത് നഗരത്തിൽ നിലയുറപ്പിക്കാൻ ആയിരുന്നു ഇവരുടെ പദ്ധതി. ഇവർ ഒരുമിച്ച് എത്തിയതിന്റെയും റോഡിൽ നൃത്തം ചെയ്തതിന്റെയും ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ ഇവർ പങ്കുവച്ചിരുന്നു. ഗുണ്ടകൾ സംഘം ചേർന്നതിന്റെയും നൃത്തം ചെയ്തതിന്റെയും വിഡിയോ ഉൾപ്പെടെ തെളിവുകളുണ്ട്. കലാപം ലക്ഷ്യമിട്ട് മനഃപൂർവം പ്രകോപനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചതിനാണ് എഫ്ഐആറിൽ ബിഎൻഎസ് 192 വകുപ്പ് ചുമത്തിയിരിക്കുന്നത്. ഇതനുസരിച്ച് കലാപം ഉണ്ടായാൽ ഒരു വർഷം വരെ തടവും പിഴയും ശിക്ഷയായി ലഭിക്കും. കലാപം ഉണ്ടായില്ലെങ്കിൽ 6 മാസം വരെ തടവും പിഴയും ശിക്ഷ ലഭിക്കും. 6 പ്രതികൾക്കും എതിരെ ഒട്ടേറെ അടിപിടി കേസുകൾ ഉണ്ട്.
Source link


