test del 2
‘ഹേയ്… നിങ്ങൾ ഞങ്ങളുടെ പൈലറ്റിനെ കണ്ടോ?’; യുഎസിനെ പരിഹസിച്ച് ഇറാൻ, അന്ത്യശാസനവുമായി ട്രംപ്

വാഷിങ്ടൺ: 48 മണിക്കൂറിനകം യു.എസുമായി സമാധാനക്കരാറുണ്ടാക്കിയില്ലെങ്കിൽ നരകം പെയ്തിറങ്ങുമെന്ന് ഇറാന് അന്ത്യശാസനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് തുറക്കാൻ ഇറാന് നീട്ടിനൽകിയ സമയപരിധി തിങ്കളാഴ്ച(ഏപ്രിൽ ആറ്) അവസാനിക്കാനിരിക്കേയാണ് മുന്നറിയിപ്പ്. ഇറാൻ വെടിവെച്ചിട്ട യു.എസ്. വിമാനത്തിൽനിന്ന് താഴേക്ക് ചാടിയ വൈമാനികനായി ഇറാന്റെയും യു.എസിന്റെയും സൈന്യങ്ങൾ തിരച്ചിൽ തുടരവേയാണ് പ്രസ്താവന. കരാറുണ്ടാക്കിയില്ലെങ്കിൽ ബോംബിട്ട് ഇറാനെ ശിലായുഗത്തിലേക്ക് പറഞ്ഞയക്കുമെന്ന് നേരത്തേ ട്രംപ് ഭീഷണിമുഴക്കിയിരുന്നു.അതേസമയം, ഇറാനിൽ ഭരണകൂടമാറ്റമെന്ന് പറഞ്ഞ് യുദ്ധം തുടങ്ങിയവരിപ്പോൾ ഹേയ്, നിങ്ങൾ ഞങ്ങളുടെ പൈലറ്റിനെ കണ്ടോ എന്നുള്ളതിലേക്ക് പുരോഗമിച്ചിട്ടുണ്ടെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ഖാലിബാഫ് പരിഹസിച്ചു.ഇറാന്റെ നാവിക-വ്യോമ സേനകളെ തരിത്തുതകർപ്പണമാക്കിയെന്നും യു.എസ്. യുദ്ധം ജയിക്കാറായെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീമ്പുപറയുന്നതിനിടെയാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള കനത്തപ്രഹരം. വിമാനം വെടിവെച്ചിട്ടത് ഇറാനുമായുള്ള നയതന്ത്രചർച്ചകളെ ബാധിക്കില്ലെന്ന് ട്രംപ് പറഞ്ഞു.അതിനിടെ റഷ്യയുടെ സഹായത്തോടെ നിർമിച്ച ഇറാന്റെ പ്രധാന ആണവനിലയമായ ബുഷെഹർ ശനിയാഴ്ച യു.എസും ഇസ്രയേലും ചേർന്നാക്രമിച്ചു. ഇവിടെ ഒരു സൈനികൻ മരിച്ചു. 198 തൊഴിലാളികളെ ഒഴിപ്പിച്ചു. നിലയത്തെ നിരന്തരം ആക്രമിക്കുന്നത് ആണവച്ചോർച്ച ഉണ്ടാകാനിടയാക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി. അത് ഇറാനെ മാത്രമല്ല ജി.സി.സി. രാഷ്ട്രങ്ങളിലെ ജനതയെയും തകർത്തുകളയുമെന്നും പറഞ്ഞു. കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങൾക്കടുത്താണ് ബുഷഹെർ.
Source link


