test del 2
യുഎസ് ഉപരോധം; ഇന്ത്യയിലേക്ക് പുറപ്പെട്ട ഇറാനിയൻ എണ്ണക്കപ്പൽ പാതിവഴിയിൽ ചൈനയിലേക്ക് തിരിച്ചുവിട്ടു

ന്യൂഡൽഹി: അമേരിക്കൻ ഉപരോധത്തെത്തുടർന്ന് ഇറാനിൽ നിന്നുള്ള ക്രൂഡ് ഓയിലുമായി ഇന്ത്യയിലേക്ക് വരികയായിരുന്ന എണ്ണക്കപ്പൽ ചൈനയിലേക്ക് വഴിതിരിച്ചുവിട്ടു. ഗുജറാത്ത് തീരം ലക്ഷ്യമാക്കി നീങ്ങിയിരുന്ന ‘പിങ് ഷുൻ’ എന്ന കപ്പലാണ് വഴിതിരിച്ചുവിട്ടത്.ആറ് ലക്ഷം ബാരൽ അസംസ്‌കൃത എണ്ണയുമായി ഗുജറാത്തിലെ വാഡിനാർ തുറമുഖത്തേക്ക് വരികയായിരുന്ന ഈ കപ്പൽ, അവസാനനിമിഷം ലഭിച്ച നിർദേശത്തെത്തുടർന്നാണ് ചൈനയിലെ ഡോംഗിയിങ് തുറമുഖത്തേക്ക് യാത്രയുടെ ദിശ മാറ്റിയത്. ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി ചെയ്യുന്നതിന് അമേരിക്ക ഏർപ്പെടുത്തിയ വിലക്കാണ് കപ്പൽ ഇന്ത്യയിൽനിന്ന് വഴിമാറ്റി വിടാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം. വിഷയത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.നിലവിൽ ഇറാൻ എണ്ണയുടെ 90 ശതമാനവും കയറ്റുമതി ചെയ്യുന്നത് ചൈനയിലേക്കാണ്. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം കണക്കിലെടുത്ത് ആഗോള വിപണിയിൽ എണ്ണവില നിയന്ത്രിക്കാൻ അമേരിക്ക ഇറാനിയൻ എണ്ണയ്ക്ക് ചെറിയ ഇളവുകൾ നൽകിയിരുന്നുവെങ്കിലും സാമ്പത്തിക തടസ്സങ്ങൾ ഇപ്പോഴും തുടരുകയാണ്.
Source link


