test del 4 copy of del 3
അന്ന് ‘കാഫിർ’ സ്ക്രീൻ ഷോട്ട്, ഇന്ന് അനൗൺസ്മെന്റ് വിവാദം; ടി.പി. രാമകൃഷ്ണന് കമ്മിഷന്റെ നോട്ടിസ്

കോഴിക്കോട് ∙ പേരാമ്പ്ര മണ്ഡലത്തിൽ എൽഡിഎഫിന്റെ പ്രചാരണ വാഹനത്തിൽ നിന്ന് വിവാദ അനൗൺസ്മെന്റ് ഉയർന്നതുമായി ബന്ധപ്പെട്ട് എൽഡിഎഫ് സ്ഥാനാർഥി ടി.പി. രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടിസ് അയച്ചു. യുഡിഎഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വരണാധികാരി കൂടിയായ ഡപ്യൂട്ടി കലക്ടർ അജിത് ജോണാണ് നോട്ടിസ് നൽകിയത്. അനൗൺസ്മെന്റ് സംബന്ധിച്ച് വിശദീകരണം തേടിയാണ് നോട്ടിസ്.പാർലമെന്റ് തിരഞ്ഞെടുപ്പിനിടയിൽ വടകര ഉയർന്ന ‘കാഫിർ’ സ്ക്രീൻ ഷോട്ട് വിവാദത്തിനു തുല്യമാണ് പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദമെന്നാണ് ഉയരുന്ന ആക്ഷേപം. പ്രചാരണത്തിനെതിരെ യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ കെ.ബാലനാരായണനും കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി അർജുൻ കറ്റയാട്ടും യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.സുനന്ദും രേഖകൾ സഹിതം തിരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടർക്കും ഡിജിപിക്കും പരാതി നൽകുകയായിരുന്നു. അനൗൺസ്മെന്റിലെ പരാമർശം വോട്ടർമാർക്കിടയിൽ മതസ്പർധ വളർത്തുന്നതാണെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നുമാണ് യുഡിഎഫ് ആരോപിച്ചത്.അനൗൺസ്മെന്റ് നടത്തിയതിനു പിന്നിൽ ഒരു സിപിഎം നേതാവാണെന്ന ഗുരുതര ആരോപണവും യുഡിഎഫ് ഉന്നയിച്ചിരുന്നു. വാഹനത്തിന്റെ നമ്പറും മൈക്ക് സെറ്റിന് അനുമതി വാങ്ങിയ അപേക്ഷയുടെ വിവരങ്ങളും യുഡിഎഫ് തെളിവായി പുറത്തുവിട്ടു. വിവാദ അനൗൺസ്മെന്റ് നടത്തിയ വാഹനം എൽഡിഎഫിന്റേതല്ലെന്ന് പറഞ്ഞ് സിപിഎം കൈയ്യൊഴിയുമ്പോഴും ഇതിനെതിരെ പരാതി നൽകാൻ ഇടത് മുന്നണി തയാറാവാത്തത് ദുരൂഹമാണെന്നാണ് യുഡിഎഫ് ആരോപണം. വിവാദ സന്ദേശം റെക്കോർഡ് ചെയ്തത് നടുവണ്ണൂരിലെ ഒരു സ്റ്റുഡിയോയിൽ വച്ചാണെന്നും ഇതിന്റെ കൃത്യമായ തെളിവുകൾ പക്കലുണ്ടെന്നും സ്ഥാനാർഥി ഫാത്തിമ തഹ്ലിയയും വ്യക്തമാക്കിയിരുന്നു.
Source link


