LATEST

കൊച്ചി മെട്രോ ഇനി നീളുന്നത് ഇങ്ങോട്ട്; നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ വേറെ ലെവല്‍, മാര്‍ക്കിങ് തുടങ്ങി

കൊച്ചി: നഗരത്തിന്റെ വികസനക്കുതിപ്പിന് പുതിയ മാനം നല്‍കിയ കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടത്തിന്റെ നടപടികള്‍ ആരംഭിച്ചു. ആലുവയില്‍ നിന്ന് കൊച്ചി വിമാനത്താവളം വഴി അങ്കമാലി ടൗണിലേക്കാണ് പുതിയ പാത. നിര്‍മാണത്തിന്റെ മുന്നോടിയായുള്ള പ്രാരംഭഘട്ട മാര്‍ക്കിങ് ആരംഭിച്ചു. വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടാണിത്. ആറ് മാസത്തിനുള്ളില്‍ ഡിപിആര്‍ തയ്യാറാക്കാനാണ് ഹരിയാന ആസ്ഥാനമായുള്ള കമ്പനി ലക്ഷ്യമിടുന്നത്. അങ്കമാലിയിലെ പഴയ പൊലീസ് ക്വാര്‍ട്ടേഴ്‌സിന് സമീപത്തായി ദേശീയപാതയോരത്താണ് മാര്‍ക്കിങ് നടത്തിയിരിക്കുന്നത്.

ആലുവ – വിമാനത്താവളം – അങ്കമാലി പാതയുടെ ദൂരം 18 കിലോമീറ്റര്‍ ആയിരിക്കും. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് കൂടി കൊച്ചി മെട്രോയുടെ ഫലം കിട്ടുകയെന്നതും യാത്രാ ക്ലേശം പരിഹരിക്കുക എന്നതുമാണ് ലക്ഷ്യമിടുന്നത്. കൊച്ചി വിമാനത്താവളത്തിലേക്കുള്ള 3 കിലോമീറ്ററിലേറെ ദൂരം ഭൂഗര്‍ഭ പാതയാണ് വിഭാവനം ചെയ്യുന്നത്.കൊച്ചി വിമാനത്താവളം, അങ്കമാലി എന്നിവിടങ്ങളിലേക്ക് മെട്രോ നീട്ടുകയാണെങ്കില്‍ ജില്ലയുടെ വടക്കന്‍ മേഖലയില്‍ വന്‍ വികസനക്കുതിപ്പുണ്ടാകും എന്നാണ് വിലയിരുത്തല്‍.

അങ്കമാലിയില്‍ നിന്ന് കൊച്ചി നഗരത്തിലേക്ക് അതുപോലെ തന്നെ എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ നിന്ന് ആയിരക്കണക്കിന് ആളുകളാണ് ദിവസേന കെഎസ്ആര്‍ടിസി ബസുകളേയും സ്വകാര്യ ബസുകളേയും ആശ്രയിച്ച് കൊച്ചി നഗരത്തിലേക്ക് എത്തുന്നത്. പലപ്പോഴും ബസില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അതുകൊണ്ടുള്ള യാത്രാ ദുരിതവും വളരെ കൂടുതലാണ്.

ട്രെയിനുകള്‍ക്ക് അങ്കമാലിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്. എന്നാല്‍ ഇതിനൊന്നും പരിഹാരമായിട്ടില്ല. ഈ പശ്ചാത്തലത്തില്‍ മെട്രോയുടെ അടുത്ത ഘട്ടത്തില്‍ അങ്കമാലിയെ ബന്ധിപ്പിക്കുമ്പോള്‍ നിരവധി യാത്രക്കാര്‍ക്ക് ഗുണം കിട്ടും. വിശാലകൊച്ചിയുടെ പരിധിയിലുള്ള കറുകുറ്റി വരെ മെട്രോ നീട്ടണമെന്നാണ് അങ്കമാലിക്കാരുടെ ആവശ്യം.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button