അവധിക്കാലം ആഘോഷിക്കാൻ തായ്‌ലാൻഡിലെത്തി; ഹോട്ടൽ മുറിയിൽ ദമ്പതികളെ ഞെട്ടിച്ച് മറ്റൊരു അതിഥി

ബാങ്കോക്ക്: ഏഷ്യയിലെ ഏറ്റവും മനോഹരമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് തായ്‌ലാൻഡ്. ഇവിടേയ്‌ക്കെത്തുന്ന സഞ്ചാരികൾ പങ്കുവയ്‌ക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽമീഡിയയിൽ വൈറലാണ്. ഇപ്പോഴിതാ, തായ്‌ലാൻഡിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ ദമ്പതികൾ പങ്കുവച്ച ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് സഞ്ചാരികളുടെ ഉറക്കം കളയുന്നത്.
വളരെ സന്തോഷത്തോടെ ഹോട്ടലിൽ ഉറങ്ങാൻ കിടന്നതായിരുന്നു ദമ്പതികൾ. രാത്രിയിൽ ദേഹത്തുകൂടി ഏതോ ജീവി ഇഴഞ്ഞുപോകുന്നതായി അനുഭവപ്പെട്ടു. ഇതോടെ പങ്കാളികളിലൊരാൾ ഞെട്ടി ബഹളംവയ്‌ക്കുകയായിരുന്നു. ഉറക്കമുണർന്നുനോക്കുമ്പോഴാണ് അതൊരു മൂർഖൻ പാമ്പായിരുന്നെന്ന് അവർക്ക് മനസിലായത്. രക്ഷാപ്രവർത്തകനെത്തി കട്ടിലിനടിയിൽ നിന്ന് പാമ്പിനെ പിടികൂടുന്നതിന്റെ ദൃശ്യങ്ങളും സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ആർക്കും കടിയേറ്റില്ലെങ്കിലും സംഭവം അവരെ മാനസികമായി തളർത്തിയതായാണ് പട്ടായ മെയിൽ റിപ്പോർട്ട് ചെയ്യുന്നത്.
പ്രകൃതിയോടിണങ്ങി നിർമ്മിച്ചിരിക്കുന്ന ഒരു ഹോട്ടലാണ് ദമ്പതികൾ താമസിക്കാനായി തിരഞ്ഞെടുത്തത്. വിനോദയാത്രകളിൽ കൂടുതൽപേരും അത്തരത്തിലുള്ള ഹോട്ടലുകളാണ് തിരഞ്ഞെടുക്കുന്നത്. എന്നാൽ മുറിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തിയതിന്റെ ചിത്രങ്ങൾ പ്രചരിക്കാൻ തുടങ്ങിയതോടെ അത്തരം ഹോട്ടലുകളുടെ സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് ചർച്ചകൾ ആരംഭിക്കാൻ തുടങ്ങി.
Source link


