ഓടുന്ന ട്രെയിനിലാണ് ഡെലിവറി ബോയിയെ കണ്ടുമുട്ടിയത്; വിദേശ വനിതയ്ക്ക് ഇന്ത്യയെപറ്റി പറയാനുള്ളത് ഇതാണ്

ന്യൂഡൽഹി: ഓടുന്ന ട്രെയിനിൽ ഭക്ഷണം ഓർഡർ ചെയ്ത് കിട്ടിയ സന്തോഷം പങ്കുവച്ച വിദേശ വനിതയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഭക്ഷണത്തിന്റെ ഗുണനിലവാരവും വിതരണത്തിലെ പോരായ്മകളെയും കുറിച്ച് യാത്രക്കാർക്കിടയിൽ പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് റെയിൽവേയുടെ ഡെലിവറി സൗകര്യം വിദേശ വനിതയെ ഞെട്ടിച്ചത്.
ബെക്ക് മക്കോൾ എന്ന വനിതയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ വീഡിയോ പങ്കുവച്ചത്. ‘ഇതൊരു അടിപൊളി സംഭവമാണെന്ന തലക്കെട്ടോടെയാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടത്. ‘ഇന്ത്യ ശരിക്കും അടിപൊളിയാണ്. ഓടുന്ന ട്രെയിനിൽ പിസയും ഫ്രഞ്ച് ഫ്രൈസും ഞാൻ ഓഡർ ചെയ്തു. ട്രെയിനിൽ വച്ചാണ് ഡെലിവറി ഏജന്റും ഞാനും കണ്ടുമുട്ടിയത്. ഇതെത്ര അടിപൊളിയാണെന്ന് നോക്കണേ. ഭയങ്കര കൂളാണ്.’ ബെക്ക് മക്കോൾ വീഡിയോയിൽ പറയുന്നു. ഇക്കാര്യത്തിൽ ഇന്ത്യ കാലത്തിന് മുന്നിലാണെന്ന അടിക്കുറിപ്പും ബെക്കിന്റെ വീഡിയോയിൽ കാണാം.
വീഡിയോ പിന്നീട് ഓട്ടേറെ പേർ പങ്കുവച്ചതോടെ വിദേശ യാത്രക്കാരിയുടെ അമ്പരപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് വഴിവയ്ക്കുകയായിരുന്നു. നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്. ‘വളരെ സന്തോഷം, ഇന്ത്യയിൽ നല്ല സമയം നേരുന്നു. ബെക്ക് ഒരു ദിവസം കൊൽക്കത്ത കൂടി സന്ദർശിക്കൂ’, ഒരാൾ കുറിച്ചു. ‘അതിഥി ദേവോ ഭവ – അതിഥി ദൈവമാണ്. ഇന്ത്യയിലേക്ക് സ്വാഗതം’ മറ്റൊരാൾ കുറിച്ചു. നിരവധി പേർ ബെക്ക് മക്കോളിനെ രാജ്യത്തേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുകയും, ഇന്ത്യൻ സംസ്കാരവും ആതിഥ്യമര്യാദയും അനുഭവിക്കാനായി സന്ദർശിക്കേണ്ട സ്ഥലങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നുണ്ട്.
നിലവിൽ ട്രെയിൻ യാത്രക്കാർക്ക് ഭക്ഷണം എത്തിക്കുന്നതിൽ വിവിധ സേവനങ്ങൾ നൽകുന്നുണ്ടെങ്കിലും ഗുണനിലവാരം കുറഞ്ഞ വൃത്തിഹീനമായ ഭക്ഷണം വിളമ്പുന്നതിനെക്കുറിച്ച് ഒട്ടേറെ പരാതികളാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് ബെക്കിന്റെ വീഡിയോ ശ്രദ്ധേയമായത്.
TAGS: FOOD DELIVERY, TRAIN, VIRALNEWS, LATESTNEWS, FOREIGNER, PASSENGER, FOOD, TRAVEL
Source link

