ദമ്പതികളെ അനുഗ്രഹിക്കാനെത്തി; വേദി തകർന്നുവീണ് ബിജെപി നേതാക്കൾക്ക് പരിക്ക്

ലക്‌നൗ: വിവാഹചടങ്ങിനിടെ വേദി തകർന്നുവീണ് ബിജെപി (ഭാരതീയ ജനതാ പാർട്ടി) പ്രവർത്തകർക്ക് പരിക്ക്. വധൂവരന്മാരെ അനുഗ്രഹിച്ച് ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു പ്രവർത്തകർ. ഉത്തർപ്രദേശിലെ ബല്ലിയയിലാണ് സംഭവം. പ്രാദേശിക ബിജെപി പ്രവർത്തകനായ അഭിഷേക് സിംഗ് എഞ്ചിനിയറുടെ സഹോദരന്റേതായിരുന്നു വിവാഹം.
ബല്ലിയ ജില്ലാ ബിജെപി മേധാവി സഞ്ജയ് മിശ്ര, മുൻ എംപി ഭരത് സിംഗ് തുടങ്ങി പന്ത്രണ്ടോളം പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തിരുന്നു. വധൂവരന്മാരെ അനുഗ്രഹിക്കാനും അവർക്കൊപ്പം ഫോട്ടോയെടുക്കാനുമായി വേദിയിലേക്ക് കയറിയതാണ് നേതാക്കൾ. അതിനായി വധൂവരന്മാരുടെ ഇരിപ്പിടത്തിന് പിറകിലായി നിരന്ന് നിൽക്കുമ്പോഴാണ് ആ ഭാഗം മുഴുവനായി താഴേക്ക് ഇടിഞ്ഞുവീണത്. നവദമ്പതികൾ ഉൾപ്പെടെ എല്ലാവരും നിലത്ത് വീണു. ആർക്കും ഗുരുതരമായ പരിക്കേൽക്കാത്തത് ഭാഗ്യമാണെന്ന് സഞ്ജയ് മിശ്ര പറഞ്ഞു.
‘വേദിയുടെ പ്ലാറ്റ്ഫോം പ്ലൈവുഡ് ഉപയോഗിച്ച് നിർമ്മിച്ചതായിരുന്നു. അധിക പിന്തുണ ഇല്ലാതിരുന്നതിനാൽ എല്ലാവരും ഒന്നിച്ച് കയറിയപ്പോൾ ഭാരം താങ്ങാനാകാതെ അത് ഇടിഞ്ഞു വീഴുകയായിരുന്നു’. അദ്ദേഹം പറഞ്ഞു. ചിലർക്ക് ചെറിയ പരിക്കുകളുണ്ടെന്നും മറ്റുള്ളവർ സുഖമായിരിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപകടത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വ്യത്യസ്‌തങ്ങളായ പ്രതികരണങ്ങളാണ് വീഡിയോയ്‌ക്ക് ലഭിക്കുന്നത്. അവർ ഹെവി വെയ്‌റ്റുള്ള നേതാക്കന്മാരായതുകൊണ്ടാണ് വേദി തകർന്നതെന്ന് ഒരാൾ വീഡിയോയ്‌ക്ക് കമന്റ് ചെയ്‌തു. പലരും അതേ കമന്റിനെ പിന്തുണച്ചു. അവർക്ക് ഭാരമുണ്ടാകാം തീർച്ചയായും ഒരു കാർഡിയോ ആവശ്യമായി വന്നേക്കാമെന്ന് മറ്റൊരാളും കമന്റ് ചെയ്‌തു.
Source link


