test del 3
ചെലവു താങ്ങില്ല, ജോലിക്കാരില്ല: ഭക്ഷണ വില കൂട്ടി ഹോട്ടലുകാർ; സാധാരണക്കാർക്ക് തിരിച്ചടി

‘പ്രതിസന്ധിയാണ്, ചില വിഭവങ്ങളുടെ വില വർധിപ്പിക്കാതെ പിടിച്ചു നിൽക്കാൻ കഴിയില്ല, പ്രിയ കസ്റ്റമേഴ്സ് സഹകരിക്കുമല്ലോ’– കേരളത്തിലെ പല റസ്റ്ററന്റുകളിലും ഇപ്പോൾ ഇങ്ങനെയൊരു അറിയിപ്പു കാണാം. പാചക വാതക പ്രതിസന്ധി കനത്തതോടെ ചായ അടക്കം മലയാളിയുടെ ഇഷ്ട വിഭവങ്ങളിൽ പലതിന്റെയും വില കൂടുകയാണ്. പല റസ്റ്ററന്റുകളിലും ചായയ്ക്ക് 10–25 ശതമാനം വരെ വില കൂട്ടി. ചിലയിടങ്ങളിൽ ചായ വില 20 രൂപ വരെയായി. പൊറോട്ട, ബിരിയാണി തുടങ്ങിയവയ്ക്കും ചിലയിടങ്ങളിൽ വില കൂട്ടിയിട്ടുണ്ട്. പാചക വാതക പ്രതിസന്ധിക്കൊപ്പം തൊഴിലാളിക്ഷാമം രൂക്ഷമായതും വില വർധിപ്പിക്കാൻ പ്രേരിപ്പിച്ചെന്നാണ് ഹോട്ടൽ ഉടമകളുടെ വിശദീകരണം. ഇതിന് പുറമെയാണ് തൊഴിലാളികളുടെ ക്ഷാമം മൂലമുള്ള പ്രതിസന്ധിയെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി.ജയപാൽ മനോരമ ഓൺലൈനോട് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ അസം, ബംഗാൾ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭൂരിഭാഗം തൊഴിലാളികളും നാടുകളിലേക്ക് മടങ്ങിക്കഴിഞ്ഞു. ശേഷിക്കുന്നവർ കൂടി പോകുന്നതോടെ റസ്റ്ററന്റ് മേഖല വലിയ പ്രതിസന്ധിയിലാകും. ഇവർക്ക് പകരക്കാരായി ഇരട്ടി ശമ്പളത്തിൽ തൊഴിലാളികളെ നിയമിക്കേണ്ട അവസ്ഥയാണ്. ഏപ്രിൽ പകുതിയോടെ തൊഴിലാളികൾ തിരിച്ചെത്തിയാൽ മാത്രമേ പ്രതിസന്ധിക്കു പരിഹാരമാകൂ. ഭക്ഷണ വില വർധിപ്പിക്കാൻ അസോസിയേഷൻ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനത്തെ നല്ലൊരു ശതമാനം റസ്റ്ററന്റുകളും അടച്ചിട്ടിരുന്നു. അതിൽ ചിലത് അടുത്ത ദിവസങ്ങളിൽ പ്രവർത്തനം പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ്. എൽപിജിക്ക് പകരം വിറകടുപ്പുകൾ പലയിടങ്ങളിലും സജ്ജമാക്കിയിട്ടുണ്ട്. മെനുവിലും പരിഷ്ക്കാരം വരുത്തി. എന്നാലും സംസ്ഥാനത്തെ 50 ശതമാനം റസ്റ്ററന്റുകളെങ്കിലും അടഞ്ഞു കിടക്കുന്നുണ്ടെന്നാണ് അസോസിയേഷന്റെ കണക്ക്.
Source link


