test del 2
‘യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമം നല്ലത്, പക്ഷേ വേണ്ട’; പാകിസ്താന്റെ മധ്യസ്ഥതാവാഗ്ദാനം തള്ളി ഇറാൻ

ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കുന്നതിന് യുഎസും ഇറാനും തമ്മിൽ നേരിട്ടുള്ള ചർച്ചകൾക്ക് നേരിട്ട് ആതിഥ്യംവഹിക്കാൻ തയ്യാറാണെന്ന പാകിസ്താൻ നിലപാടിനെ പാടെ നിരാകരിച്ച് ടെഹ്റാൻ.യുഎസുമായി നേരിട്ട് ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും മധ്യസ്ഥരിലൂടെ എത്തുന്നത് അതിരുവിട്ടതും അന്യായവുമായ ആവശ്യങ്ങൾ മാത്രമാണെന്നും മുംബൈയിലെ ഇറാന്റെ കോൺസുലേറ്റ് ജനറൽ പറഞ്ഞു. പാകിസ്താന്റെ ചർച്ചാവേദികൾ അവരുടെ മാത്രം വിഷയമാണെന്നും ഇറാൻ അവയിലൊന്നും പങ്കെടുത്തിട്ടില്ലെന്നും കോൺസുലേറ്റ് ജനറൽ പ്രസ്താവനയിൽ അറിയിച്ചു.‘യുഎസുമായി നേരിട്ട് ചർച്ച നടന്നിട്ടില്ല. മധ്യസ്ഥർ മുഖാന്തരം എത്തുന്നത് അതിരുവിട്ടതും നീതികരിക്കാനാവാത്തതുമായ ആവശ്യങ്ങളാണ്. യുഎസ് നയതന്ത്രം തുടർച്ചയായി മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു. ഞങ്ങളുടെ നിലപാട് വ്യക്തമാണ്. പാകിസ്താന്റെ ചർച്ചാവേദികൾ അവരുടേത് മാത്രമാണ്. ഞങ്ങൾ പങ്കെടുത്തിട്ടില്ല. യുദ്ധം അവസാനിപ്പിക്കുന്നതിനുവേണ്ടിയുള്ള പ്രാദേശിക അഭ്യർഥനകൾ സ്വാഗതാർഹമാണ്. എന്നാൽ, ഓർക്കണം ആരാണ് ഇത് ആരംഭിച്ചതെന്ന്’, കോൺസുലേറ്റ് ജനറൽ പ്രസ്താവനയിൽ അറിയിച്ചു.ഞായറാഴ്ചയാണ് മധ്യസ്ഥതവഹിക്കാൻ തയ്യാറാണെന്ന് പാകിസ്താൻ വിദേശകാര്യമന്ത്രി ഇഷാറ് ദറിന്റെ പ്രസ്താവന പുറത്തുവന്നത്. സൗദി അറേബ്യ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി ഇസ്ലാമാബാദിൽ നടന്ന ദീർഘസമയത്തെ ചർച്ചയ്ക്ക് പിന്നാലെ ആയിരുന്നു ഇത്. ഇറാൻ സർക്കാരിലെ മുതിർന്ന മന്ത്രിമാരുമായി പലവട്ടം ഫോണിൽ താനും പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫും സംസാരിച്ചതായും ദർ അവകാശപ്പെട്ടിരുന്നു. മാത്രമല്ല, യുഎസ് ഭരണകൂടവുമായും സജീവചർച്ചകൾ നടത്തിയതായി അദ്ദേഹം പറഞ്ഞിരുന്നു.
Source link

