ആരു കയറും കൊട്ടാരക്കര

കൊല്ലം: പോരാട്ട തീച്ചൂളയിലാണ് കൊട്ടാരക്കര. ധനമന്ത്രിയും സിറ്റിംഗ് എം.എൽ.എയുമായ കെ.എൻ. ബാലഗോപാലാണ് എൽ.ഡി.എഫിനായി വീണ്ടും മത്സരക്കുപ്പായമിട്ടത്. അവഗണന ആരോപിച്ച് സി.പി.എമ്മിൽ നിന്ന് കോൺഗ്രസിലെത്തിയ പി. ഐഷാ പോറ്റിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. ഐഷയുടെ വരവോടെ യു.ഡി.എഫ് സീറ്റ് പ്രതീക്ഷിച്ചിരുന്ന കോൺഗ്രസ് നേതാവ് ആർ. രശ്മി ബി.ജെ.പിയിലെത്തി. തുടർന്ന് എൻ.ഡി.എ സ്ഥാനാർത്ഥിയുമായി. കഴിഞ്ഞതവണ കൊട്ടാരക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു രശ്മി. മൂന്ന് ടേം എൽ.ഡി.എഫ് എം.എൽ.എയും കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു ഐഷാ പോറ്റി. പത്തുവർഷം വീതം ജില്ലാ പഞ്ചായത്ത് അംഗവും ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന ആർ. രശ്മി. തങ്ങളുടെ പഴയ ലാവണങ്ങളോട് ഏറ്റുമുട്ടുമ്പോൾ നിരവധി കാരണങ്ങളുമുണ്ട് ഇരുവർക്കും പറയാൻ. അത് വാദപ്രതിവാദങ്ങളായി കൊട്ടാരക്കരയിൽ നിറയുകയാണ്.എൽ.ഡി.എഫ് ഐഷാപോറ്റിക്കെതിരെയും യു.ഡി.എഫ് ആർ. രശ്മിക്കെതിരെയും കാലുമാറ്റ ആരോപണം ഉയർത്തുമ്പോൾ, സ്വന്തം പാർട്ടിക്കാർ തങ്ങളെ പുകച്ച് ചാടിച്ചെന്നാണ് ഇരുവരും തിരിച്ചടിക്കുന്നത്. മറുകണ്ടം ചാടിയ മറ്റ് പലരെയും എൽ.ഡി.എഫും യു.ഡി.എഫും സ്ഥാനാർത്ഥിയാക്കിയതും ഇവർ ചൂണ്ടിക്കാട്ടുന്നു.വികസനമാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ കെ.എൻ. ബാലഗോപാലിന്റെ പ്രചരണായുധം. കഴിഞ്ഞ അഞ്ച് ബഡ്ജറ്റുകളിലും കൊട്ടാരക്കരയ്ക്കായി വൻതുക മാറ്റിവച്ചു. ചെറുതും വലതുമായ നിരവധി പദ്ധതികൾ യാഥാർത്ഥ്യമായി.
Source link


