ശബരിമല കൊടിമര പുനർനിർമ്മാണം; ക്രമക്കേടില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമല കൊടിമര പുനർനിർമ്മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട ത്വരിതാന്വേഷണറിപ്പോർട്ട് വിജിലൻസ് കൈമാറിയതിനുപിന്നാലെ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി. ക്രമക്കേടിൽ കേസെടുക്കാൻ തെളിവില്ലെന്നാണ് വിജിലൻസ് കോടതിയെ അറിയിച്ചത്. കൊടിമരനിർമ്മാണത്തിനായി ഭക്തരിൽ നിന്ന് സംഭാവനയായി ലഭിച്ച സ്വർണം പൂർണമായും ഇതിനായിത്തന്നെ ഉപയോഗിച്ചെന്നും രേഖകളില്ലാതെ സ്വർണം കൈപ്പറ്റിയതിന് യാതൊരു തെളിവുമില്ലെന്നും വിജലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് കേസ് അവസാനിപ്പിക്കാൻ കോടതി തീരുമാനിച്ചത്.412 ഗ്രാം സ്വർണമാണ് കൊടിമര നിർമ്മാണത്തിനായി സംഭാവന ലഭിച്ചത്. മുഴുവൻ സ്വർണവും വാചിവാഹന, അഷ്ടദിക് പാലകരുടെ നിർമ്മാണത്തിന് ഉപയോഗിച്ചു. സംഭാവന നൽകിയ നടന്മാർ അടക്കം 23 പേരുടെ മൊഴിയും വിജിലൻസ് രേഖപ്പെടുത്തി. എന്നാൽ നാലുപേരുടെ വിശദാംശങ്ങൾ കണ്ടെത്താനായില്ലെന്നും വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.ശബരിമലയിലെ പഴയ കൊടിമരം മാറ്റി സ്ഥാപിച്ചത് ദേവപ്രശ്നവിധി പ്രകാരമാണ്. കൊടിമരത്തിൽ അനധികൃതമായി പെയിന്റടിച്ചതും ജീർണതയും ദോഷമാണെന്ന് ദേവപ്രശ്നത്തിൽ കണ്ടതോടെയാണ് പുനഃപ്രതിഷ്ഠയ്ക്ക് വഴിതുറന്നത്. ഇത് തെളിയിക്കുന്ന നിർണായക ദേവപ്രശ്ന ചാർത്ത് പുറത്തുവന്നിരുന്നു. കൊടിമരത്തിന്റെ മുകളിൽ ലേപനപ്രക്രിയ ചെയ്തിരിക്കുന്നത് ദോഷമാണ്. ജീർണത ലക്ഷണമുണ്ടെന്നുമാണ് ചാർത്തിൽ പറയുന്നത്. അതിനാൽ കൊടിമരം മാറ്റി തടികൊണ്ടുള്ള പുതിയ കൊടിമരം സ്ഥാപിക്കണമെന്ന് ദേവപ്രശ്നത്തിൽ നിർദേശിക്കുകയായിരുന്നു.
Source link



