വിവാഹം കഴിക്കണമെന്ന് നിരന്തര സമ്മർദം; 52കാരിയെ കൊലപ്പെടുത്തി ക്വാറിയിലെറിഞ്ഞ 21കാരൻ അറസ്റ്റിൽ

ചെന്നൈ: വിവാഹം കഴിക്കണമെന്ന് പറഞ്ഞ് സമ്മർദം ചെലുത്തിയ 52കാരിയെ കൊലപ്പെടുത്തി യുവാവ്. മൃതദേഹം കല്ലിൽ കെട്ടി ക്വാറിയിലെറിഞ്ഞു. തമിഴ്‌നാട്ടിലെ തിരുപ്പുവനത്തിന് സമീപമാണ് സംഭവം. നിർമ്മാണ തൊഴിലാളിയായ സരസ്വതിയാണ് കൊല്ലപ്പെട്ടത്. 21 കാരനായ ശരവണകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.ഫെബ്രുവരി 11ന് ജോലിക്കുപോയ സരസ്വതി തിരികെ എത്താതിനെ തുടർന്ന് സഹോദരൻ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് സരസ്വതിയുടെ ഫോൺകോളുകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കാൻ തുടങ്ങി. ഇതിൽ നിന്നും കാണാതായ സ്‌ത്രീയും ശരവണകുമാറുമായി നിരന്തരം ഫോണിലൂടെ ആശയവിനിമയം നടത്തിയിരുന്നതായി കണ്ടെത്തി. ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തിൽ സരസ്വതിയുമായി ജോലിസ്ഥലത്തുള്ള പരിചയം മാത്രമേ തനിക്കുള്ളുവെന്നും അതിനപ്പുറം യാതൊരു വ്യക്തിപരമായ അടുപ്പവും തങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ലെന്നും യുവാവ് മൊഴി നൽകി.തുടർന്നുള്ള അന്വേഷണത്തിൽ സരസ്വതിയും ശരവണകുമാറും ഒരേ സ്ഥലത്ത് ജോലി ചെയ്തിരുന്നതായും കാലക്രമേണ അടുപ്പത്തിലായതായും പൊലീസ് കണ്ടെത്തി. പിന്നീട് പ്രായവ്യത്യാസമുള്ളതിനാൽ ശരവണകുമാർ ഒഴിഞ്ഞുമാറിയിട്ടും സരസ്വതി നിരന്തരം സമ്മർദം ചെലുത്തിയതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.
Source link

