‘ഹോർമുസിൽ ഇന്ത്യ നേരിടുന്നത് അപ്രതീക്ഷിത വെല്ലുവിളി; വാണിജ്യക്കപ്പലുകൾക്കു നേരെയുള്ള ആക്രമണം അംഗീകരിക്കാനാകില്ല’

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം ലോകസാമ്പത്തികമേഖലയ്ക്ക് വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗൾഫ് രാജ്യങ്ങളിൽ നിന്ന് വലിയ അളവിൽ അസംസ്കൃത എണ്ണയും വാതകവും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനാൽ അവിടങ്ങളിലെ ആക്രമണം ആശങ്കാജനകമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് മോദി പറഞ്ഞു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ പതിമൂന്ന് മന്ത്രിമാരുടെ യോഗം വിളിച്ചുചേർത്തിരുന്നു. ഇതിന്റെ ഭാഗമായി പാർലമെന്റിൽ നടത്തിയ പ്രസ്താവനയിലാണ് നരേന്ദ്രമോദി ഇക്കാര്യങ്ങൾ പറഞ്ഞത്.’ഒരു കോടിയിലേറെ ഇന്ത്യക്കാർ സംഘർഷ മേഖലയിലുണ്ട്. ഇതിൽ മൂന്ന് ലക്ഷത്തോളംപേർ തിരികെ വന്നു. ഏതാനും ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി. അപ്രതീക്ഷിത വെല്ലുവിളിയാണ് ഇന്ത്യ നേരിട്ടത്. പശ്ചിമേഷ്യയിലെ വിവിധ രാഷ്ട്രത്തലവൻമാരുമായി ആശയവിനിമയം നടത്തിയിരുന്നു. ആ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്കും വിനോദസഞ്ചാരികൾക്കും സഹായം എത്തിച്ചുകൊണ്ടിരുന്നു. സംഘർഷ സാഹചര്യത്തിൽ സ്വദേശത്തും വിദേശത്തുമുള്ള ഇന്ത്യക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന’- പ്രധാനമന്ത്രി പറഞ്ഞു.സംഘർഷത്തിനുമുൻപ് പ്രതിദിനം 1.34 ദശലക്ഷം ബാരൽ എണ്ണ വിതരണം ചെയ്തിരുന്ന ഹോർമുസ് കടലിടുക്കുവഴിയുള്ള ചരക്കുനീക്കം നിലവിൽ പ്രതിസന്ധിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ഊർജവിതരണം തടസപ്പെടാതിരിക്കാനായി സർക്കാർ പരമാവധി നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം ഉറപ്പുനൽകി.
Source link


