16,000 ടൺ യു.എസ് ഗ്യാസ് ഇന്ത്യയിൽ

ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ 16,000 ടൺ എൽ.പി.ജിയുമായി സിംഗപ്പൂർ പതാകയേന്തിയ ചരക്ക് കപ്പലായ പിക്സിസ് പയനിയർ ഇന്നലെ മംഗളൂരു തുറമുഖത്ത് നങ്കൂരമിട്ടു. അമേരിക്കയിലെ ടെക്സാസിൽ നിന്നാണ് എൽ.പി.ജി കയറ്റിയത്. മംഗളൂരുവിലെ ഏജിസ് ഗ്യാസ് സംഭരണ യൂണിറ്റിലേക്ക് ഗ്യാസ് മാറ്റുന്ന പ്രക്രിയ ആരംഭിച്ചെന്ന് ന്യൂ മംഗളൂരു തുറമുഖ അതോറിട്ടി അറിയിച്ചു. വരും ദിവസങ്ങളിൽ കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ ഗ്യാസ് എത്തുമെന്നാണ് സൂചന.റഷ്യയിലെ പ്രിമോർസ്കിൽ നിന്ന് 96,000 മെട്രിക് ടൺ അസംസ്കൃത എണ്ണ വഹിച്ച് ‘അക്വാ ടൈറ്റൻ” എന്ന കപ്പൽ ശനിയാഴ്ച മംഗളൂരുവിലെത്തിയിരുന്നു. ചൈനയിലേക്ക് പോയ കപ്പൽ ഇന്ത്യയുടെ അഭ്യർത്ഥനയെ തുടർന്ന് വഴി തിരിച്ചു വിടുകയായിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ യു.എസ് ഒരു മാസത്തെ സാവകാശം അനുവദിച്ചതിനെ തുടർന്നാണിത്. കപ്പൽ വരുന്നത് മുന്നിൽക്കണ്ട് തുറമുഖത്തിലെ ബർത്ത് ഒഴിച്ചിട്ടിരുന്നു. അസംസ്കൃത എണ്ണ എം.ആർ.പി.എൽ റിഫൈനറിയിലേക്ക് മാറ്റൽ പുരോഗമിക്കുന്നു.
Source link



