പോസ്റ്റ് ഡേറ്റഡ് ചെക്ക് മടങ്ങി എന്നത് കൊണ്ടുമാത്രം വഞ്ചനാക്കുറ്റം നിലനിൽക്കില്ല

ന്യൂഡൽഹി: മതിയായ ഫണ്ടില്ലെന്ന് വ്യക്തമാക്കി പോസ്റ്റ് ഡേറ്റഡ് ചെക്ക് ബാങ്കിൽ നിന്ന് മടങ്ങി എന്നതുകൊണ്ടുമാത്രം വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്ന് സുപ്രീംകോടതി. ചെക്ക് നൽകിയ ആൾക്ക് വഞ്ചിക്കാനുള്ള ഉദ്ദേശ്യമുണ്ടായിരുന്നുവെന്ന് പറയാനാകില്ല . ചെക്ക് നൽകുമ്പോൾ തന്നെ വഞ്ചിക്കണമെന്ന ഉദ്ദ്യേശം വ്യക്തിക്കുണ്ടായിരുന്നുവെന്ന് തെളിയിക്കപ്പെട്ടാൽ മാത്രമേ കുറ്റം നിലനിൽക്കുകയുള്ളു. തമിഴ്നാട്ടിലെ സിനിമാ നിർമ്മാതാവ് വി. ഗണേശനെതിരെയുള്ള വഞ്ചനാക്കേസ് റദ്ദാക്കി കൊണ്ടാണ് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ നിലപാട്. സെക്യൂരിറ്റി എന്ന നിലയിലാണ് സാധാരണയായി പോസ്റ്റ് ഡേറ്റഡ് ചെക്കുകൾ നൽകുന്നത്. ചെക്കിൽ പറയുന്ന തീയതിക്കുള്ളിൽ തന്റെ അക്കൗണ്ടിൽ ആ തുക ഉറപ്പാക്കാൻ കഴിയുമെന്ന വിശ്വാസത്തിലായിരിക്കുമത്. അതിനാൽ ചെക്ക് നൽകുന്നയാൾക്ക്, ആ സമയത്ത് ദുരുദ്ദേശ്യമുണ്ടായിരുന്നുവെന്ന് അനുമാനിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ക്രിമിനൽ നടപടി കഴിയില്ല. പരമാവധി സിവിൽ കോടതി മുഖേനയുള്ള നടപടികൾ മാത്രമേ സാധിക്കുകയുള്ളുവെന്നും കൂട്ടിച്ചേർത്തു.
Source link



