സ്റ്റുഡിയോയിൽ പോയി ഫോട്ടോ എടുക്കുമ്പോൾ ഒരിക്കലും ഈ അബദ്ധം പറ്രരുത്, കാസർകോട്ട് സംഭവിച്ചത് കണ്ടോ ?

കാസർകോട്: യുവതികളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ടെലഗ്രാം വഴി പ്രചരിപ്പിച്ച സംഭവത്തിൽ സ്റ്റുഡിയോ ആൽബം ഡിസൈനറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരിയണ്ണി സ്വദേശി അനൂപാണ് സൈബർ പൊലീസിന്ഖറെ പിടിയിലായത്. മുപ്പതിലധികം യുവതികളുടെ ഫോട്ടോകളാണ് ഇയാൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി പ്രചരിപ്പിച്ചത്. പ്രതിയുടെ നാട്ടിലെ പെൺകുട്ടികളുടെ ചിത്രങ്ങളാണ് ഇയാൾ ദുരുപയോഗം ചെയ്തത്. ഇയാൾ പിടിയിലായതിന് പിന്നാലെ കൂടുതൽ പെൺകുട്ടികൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. കൂടുതൽ പേരുടെ ചിത്രങ്ങൾ മോർഫ് ചെയ്തതായി സംശയമുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. 32 പേരുടെ ചിത്രങ്ങൾ ഇങ്ങനെ പ്രചരിപ്പിച്ചുവെന്നാണ് സൈബർ പൊലീസിന്റെ കണ്ടെത്തൽ.ചില പുരുഷൻമാരുടെ ഫോട്ടോകളും യുവതികളുടെ ചിത്രങ്ങൾക്കൊപ്പം ചേർത്ത് നഗ്നചിത്രങ്ങൾ ഉണ്ടാക്കിയെന്നും പരാതിയുള്ളതായി പൊലീസ് അറിയിച്ചു. ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അനൂപ് താമസിക്കുന്നത്. പ്രതിയിൽ നിന്ന് ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ, രണ്ട് മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്ക് എന്നിവയും പൊലീസ് പിടിച്ചെടുത്തു. ഇവ കൂടുതൽ സാങ്കേതിക പരിശോധനയ്ക്ക് അയക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു.ടെലഗ്രാമിൽ നഗ്ന ചിത്രം കണ്ടതോടെയാണ് യുവതികൾ പരാതി നൽകിയത്. നിലവിൽ 6 പേരാണ് പൊലീസിന് ഔദ്യോഗികമായി പരാതി നൽകിയിരിക്കുന്നത്. എന്നാൽ ഇതിൽ ഇരകളായവരുടെ എണ്ണം ഇതിലും കൂടുതലായിരിക്കുമെന്നാണ് പൊലീസ് തന്നെ പറയുന്നത്. പ്രതി ഉപയോഗിച്ചിരുന്ന ടെലഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പുറത്തു വന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. അക്കൗണ്ടിന്റെ സാങ്കേതിക വിവരങ്ങളും ഡിജിറ്റൽ തെളിവുകളും തേടി ടെലഗ്രാം അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Source link



