ആറാട്ടിന് മുംബയ്

ഒന്നും രണ്ടുമല്ല അഞ്ച് ഐ.പി.എൽ കിരീടങ്ങളാണ് മുംബയ് ഇന്ത്യൻസിന്റെ ഷെൽഫിൽ മിന്നിത്തിളങ്ങിയിരിക്കുന്നത്. എന്നാൽ കഴിഞ്ഞ 5 സീസണുകളിൽ ഒരിക്കൽപ്പോലും ഫൈനലിൽ എത്താൻ മുംബയ്ക്കായില്ല. 2022ലും 24ലും അവസാന സ്ഥാനത്തേയ്ക്ക് വീഴുകയും ചെയ്തു.2024 സീസണിന് മുൻപ് രോഹിത് ശർമ്മയെ മാറ്റി ഹാർദിക് പാണ്ഡ്യയെ ക്യാപ്ടനാക്കിയതിന് പിന്നാലെ ഉയർന്ന ആരാധകരോഷവും വിവാദങ്ങളും ടീമിനെ ഉലച്ചു. എന്നാൽ കഴിഞ്ഞ സീസണിൽ നാലാം സ്ഥാനത്തെത്തിയ ടീം ഫൈനലിന് തൊട്ടരികിലെത്തിയിരുന്നു. ക്വാളിഫയർ2ൽ പഞ്ചാബ് കിംഗ്സിനോട് തോറ്റാണ് പുറത്തായത്. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആറാം കിരീടമുയർത്താമെന്ന പ്രതീക്ഷയിൽ ബാറ്റിംഗിലും ബൗളിംഗിലും ഒന്നിനൊന്ന് മികച്ച സൂപ്പർ താരങ്ങളുമായാണ് മുംബയ് ഐ.പി.എല്ലിന്റെ 19-ാം പതിപ്പിനിറങ്ങുന്നത്. ഈ സീസണിന് മുന്നോടിയായുള്ള മിനി ലേലത്തിന് മുമ്പ് 16 താരങ്ങളെയും നിലനിറുത്തിയ മുംബയ് കഴിഞ്ഞ സീസണിലെ കെമിസ്ട്രി നിലനിറുത്താമെന്നാണ് കരുതുന്നത്. വെറും 2.75 കോടിയുമായി ലേലലത്തിനെത്തിയ മുംബയ് 1 കോടി രൂപയ്ക്ക് വിക്കറ്റ് കീപ്പർ ബാറ്റർ ക്വിന്റൺ ഡി കോക്കിനെ ടീമിലെത്തിച്ച് മികച്ച നീക്കമാണ് നടത്തിയത്. ഡാനിഷ് മലേവാറിനെപ്പോലുള്ള ആഭ്യന്തര ക്രിക്കറ്റിലെ മികച്ച താരങ്ങളെയും സ്വന്തമാക്കി. ട്രേഡിംഗിലൂടെ ഷർദുൽ താക്കൂറിനെയും ഷെർഫാൻ റുഥർഫോർഡിനെയും മായങ്ക് മാർക്കണ്ഡയേയും തങ്ങളുടെ കൂടാരത്തിലെത്തിച്ച മുംബയ് കിരീടത്തിൽക്കുറഞ്ഞൊന്നും ചിന്തിക്കുന്നില്ല.കരുത്ത്സാക്ഷാൽ ജസ്പ്രീത് ബുംറ, ബോൾട്ട്, ദീപക് ചഹർ, ഷർദുൽ താക്കൂർ,മിച്ചൽ സാന്റ്നർ,ഹാർദിക് പാണ്ഡ്യ എന്നിവരെല്ലാം ഉൾപ്പെട്ട ബൗളിംഗ് ലൈനപ്പും ഒന്നിനെന്ന് മെച്ചം.
Source link



