ഡോ.വന്ദന കൊലക്കേസ്: ശിക്ഷാവിധി നാളെ കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ് വന്ദനയുടെ അമ്മ

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസിൽ ശിക്ഷ സംബന്ധിച്ച വാദം പൂർത്തിയായി. കൊല്ലം അഡിഷണൽ സെഷൻസ് ജഡ്ജ് പി.എൻ.വിനോദ് പ്രതി സന്ദീപിനുള്ള ശിക്ഷാവിധി നാളെ പ്രസ്താവിക്കും. സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ്.ജി. പടിക്കൽ വാദം പറയുന്നതിനിടെ കോടതി മുറിയിലുണ്ടായിരുന്ന വന്ദനാദാസിന്റെ മാതാവ് വസന്തകുമാരി തലയിലടിച്ച് പൊട്ടിക്കരഞ്ഞു. വന്ദനയുടെ അച്ഛൻ മോഹൻദാസ് ചേർത്തുപിടിച്ചെങ്കിലും അദ്ദേഹത്തിനും കരച്ചിലടക്കാനായില്ല.”തന്നെ ആക്രമിച്ച് കൊലപ്പെടുത്തുമെന്ന് അറിയാതെ ഡോ.വന്ദനാദാസ് സന്ദീപിന്റെ മുറിവ് പരിശോധിക്കുകയായിരുന്നു. ഏറെ ഭവ്യതയോടെയാണ് വന്ദന സന്ദീപിനോട് പെരുമാറിയത്. എന്നിട്ടും സന്ദീപ് ഒരുപാട് സ്വപ്നങ്ങൾ മനസിലുണ്ടായിരുന്ന വന്ദനയെ ക്രൂരമായി കൊലപ്പെടുത്തി. നേരത്തെ കൈക്കലാക്കിയ കത്തി ഉപയോഗിച്ച് 23 തവണയാണ് കുത്തിയത്. പ്രാണൻ പോകുന്ന വേദനയിൽ വന്ദന നിലവിളിച്ചിട്ടും പ്രതി പിന്തിരിഞ്ഞില്ല.” സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ഇത് പറയുന്നതിനിടെയാണ് വസന്തകുമാരി പൊട്ടിക്കരഞ്ഞത്.പ്രതിയുടെ ഭാഗത്തു നിന്നുണ്ടായത് പൈശാചിക ക്രൂരതയാണ്. കൃത്യം നടന്നത് ആശുപത്രിയിലാണ്. കൊല ചെയ്യപ്പെട്ടത് നിസഹായയായ ഒരു പെൺകുട്ടിയാണ്. ഇക്കാര്യങ്ങൾ കേസിന്റെ അപൂർവത വ്യക്തമാക്കുന്നതാണ്. അതുകൊണ്ട് പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും വിവിധ സുപ്രീംകോടതി വിധികളെ ഉദ്ധരിച്ച് സ്പെഷ്യൽ പ്രോസിക്യൂട്ടർ വാദിച്ചു.
Source link


