ഭയന്ന് മരത്തിനുമുകളിൽ കയറിട്ടും പിൻമാറാതെ കാട്ടാനകൾ; മണിക്കൂറുകൾക്കൊടുവിൽ ദമ്പതികളെ രക്ഷപ്പെടുത്തിയത് വനപാലകർ

കൊല്ലം: വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിലേക്കുപോയ ദമ്പതികൾ കാട്ടാനക്കൂട്ടത്തിനുമുൻപിൽ അകപ്പെട്ടു. പിറവന്തൂർ മുള്ളുമല ഉന്നതിയിൽ താമസിക്കുന്ന കരുണാകരനും ഭാര്യ റംസയുമാണ് കാട്ടാനകൾക്ക് മുൻപിൽ അകപ്പെട്ടത്. ആനക്കൂട്ടം ഇവരുടെ നേർക്ക് പാഞ്ഞടുത്തതോടെ ഇരുവരും കൂറ്റൻ തേക്ക് മരത്തിന് മുകളിലേക്ക് കയറിപ്പറ്റി. എന്നാൽ, അപ്പോഴും പിന്തിരിഞ്ഞുമാറാതെ മണിക്കൂറുകളോളം കാട്ടാനകൾ മരത്തിന് താഴെ നിലയുറപ്പിച്ചു. ഇവരെ തിരക്കിയിറങ്ങിയ വനപാലകരാണ് ആനക്കൂട്ടത്തെ വിരട്ടിയോടിച്ച് ദമ്പതികളെ താഴെയിറക്കിയത്.ചൊവ്വാഴ്ച രാവിലെയാണ് കരുണാകരനും ഭാര്യയും ഉൾവനത്തിലേക്ക് പോയത്. ഇരുവരും വനവിഭവങ്ങൾ ശേഖരിക്കുന്നതിനായി പതിവായി ഉൾവനത്തിലേക്ക് പോകുന്നവരാണ്. ദിവസങ്ങൾ കൊണ്ട് ശേഖരിക്കുന്ന വിഭവങ്ങൾ തലച്ചുമടായാണ് ഇവർ ഉന്നതിയിലെത്തിക്കുന്നത്. പല യാത്രകളിലും കാട്ടാന ഉൾപ്പടെയുള്ള വന്യമൃഗങ്ങളെ കാണാറുണ്ടെങ്കിലും അവയെ ശല്യം ചെയ്യാതെ ഒഴിഞ്ഞുപോകുന്നതിനാൽ ആക്രമണസ്വഭാവം കാട്ടിയിരുന്നില്ല. ആ ധൈര്യത്തിലാണ് ഇത്തവണയും അവർ കാട്ടിലേക്ക് തിരിച്ചത്. എന്നാൽ പ്രതീക്ഷകൾക്കപ്പുറമായിരുന്നു കാര്യങ്ങൾ.മൂന്നുകിലോമീറ്ററോളം ഉള്ളിൽ വാവരൂപന ഭാഗത്ത് ചെടിപ്പടർപ്പുകൾക്കിടയിൽ കാട്ടാനക്കൂട്ടം നിൽക്കുന്നതറിയാതെ ദമ്പതികൾ അവയ്ക്കുമുന്നിൽ ചെന്നുപെടുകയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ചിന്നംവിളിച്ചുകൊണ്ട് അവ ദമ്പതികളെ പിന്തുടർന്നു. മറ്റുമാർഗമില്ലാതെയാണ് ഇരുവരും മരത്തിനുമുകളിലേക്ക് കയറിപ്പറ്റിയത്. മരത്തിൽ പടർന്നുപിടിച്ചിരുന്ന വള്ളികൾ ഇവർക്ക് മുകളിലേക്ക് കയറാൻ സഹായകമായി. കാട്ടിൽ നിന്ന് ശേഖരിച്ച സാധനങ്ങളെല്ലാം ഓടുന്നതിനിടയിൽ നഷ്ടപ്പെട്ടിരുന്നു. മരത്തിനുമുകളിലുള്ളവരെ ആക്രമിക്കാൻ കഴിയാത്തതിലെ ദേഷ്യത്തിൽ കാട്ടാനകൾ മരം കുത്തിമറിച്ചിടാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.
Source link


