LATEST

ധരംസിംഗ് അങ്ങനെ സൂപ്പർ ധർമ്മേന്ദ്രയായി

കോവളം സതീഷ്‌കുമാർ | Tuesday 25 November, 2025 | 2:46 AM

തിരുവനന്തപുരം: കുടുംബവുമായി പഞ്ചാബിലെ ലുധിയാനയിൽ കഴിയുകയായിരുന്ന 24 കാരൻ ധരംസിംഗ് ഡിയോൾ ഒരു ദിവസം നേരെ മുംബയ്ക്ക് വണ്ടി കയറി. പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടായിരുന്നു യാത്ര. സിനിമയാണ് തന്റെ വഴിയെന്ന് കുടുംബത്തെ അറിയിച്ച ശേഷമായിരുന്നു യാത്ര. ഓഡിഷനിൽ വിജയിച്ചുവെങ്കിലും ആ സിനിമ നടന്നില്ല. പരിചയക്കാരില്ല, താമസിക്കാൻ സ്ഥലമില്ല, ഭക്ഷണത്തിനുപോലും പണമില്ല. ഒടുവിൽ ആശുപത്രിയിലായി. 1960-ൽ അർജുൻ ഹിംഗോറാനിയെന്ന സംവിധായകനെ പരിചയപ്പെട്ടതോടെ സിനിമയിലേക്കുളള വഴി തുറന്നു. അർജുന്റെ ‘ദിൽ ഭി തേരാ ഹം ഭി തേരേ’ എന്ന ചിത്രത്തിലെ ശ്രദ്ധിക്കപ്പെടുന്ന വേഷത്തിലൂടെ ധരംസിംഗ് ധർമ്മേന്ദ്രയായി. അര നൂറ്റാണ്ടിലേറെ ബോളിവുഡിനെ നയിച്ച ഹീമാന്റെ തുടക്കമായിരുന്നു അത്. തുടർന്ന് ‘ഷോല ഔർ ശബ്നം’ (1961), ‘ബന്ധിനി’ (1963) ആയേ മിലൻ കിബേലാ (1964) തുടങ്ങിയ ചിത്രങ്ങളിലൂടെ മെല്ലെ ചുവടുറപ്പിച്ചു. 1966ൽ ഒ.പി.റാൽഹാൻ ഒരുക്കിയ ആക്ഷൻ ചിത്രം ‘ഫൂൽ ഔർ പത്തറി’ൽ നായകനായതോടെ സൂപ്പർതാര പദവിയിലേക്കുള്ള വഴിത്തിരിവായി. ആക്ഷൻ ഹീറോ ഇമേജിൽ മാത്രം കുടുങ്ങിക്കിടക്കാതെ റൊമാന്റിക് വേഷങ്ങളിലും തിളങ്ങി. നിഷ്‌കളങ്കമായ ചിരിയും സുന്ദരമായ മുഖവുമുള്ള ധർമ്മേന്ദ്ര ഗാനരംഗങ്ങളിലും കസറി. സൗഹൃദവും പ്രണയവും വിരഹവുമെല്ലാം അവയിൽ തുളുമ്പി. ‘അനുപമ’ (1966), ‘സത്യകം’ (1969), ‘മേരാ ഗാവ് മേരാ ദേശ്’ (1971), ‘ഷോലെ’ (1975), ‘ചുപ്‌കെ ചുപ്‌കെ’ (1975), ‘ഡ്രീം ഗേൾ’ (1977)… സൂപ്പ‌ർഹിറ്റുകളുടെ നിര തന്നെ ധ‌ർമ്മേന്ദ്ര സ്വന്തം പേരിൽ എഴുതിചേ‌ർത്തു. ബോളിവുഡിൽ ഒരു വർഷത്തിൽ തന്നെ എട്ടും പത്തും ഹിറ്റുകൾ സൃഷ്ടിച്ച നായകനടനായി. അവസാനം ‘ലൈഫ് ഇൻ എ മെട്രോ’ (2007), ‘അപ്‌നെ’ (2007), ‘റോക്കി ഔർ റാണി കീ പ്രേം കഹാനി’ (2024) എന്നിവയിൽ, അദ്ദേഹത്തിന്റെ അതിഥി വേഷം പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതായിരുന്നു. 2012ൽ രാഷ്ട്രം പത്മഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചു.

ഗോതമ്പുമണികളുടെ നാട്ടിൽ നിന്ന്

1935 ഡിസംബർ 8 ന് പഞ്ചാബിലെ നസ്രാലിയിൽ പരമ്പരാഗത ജാട്ട് സിഖ് കുടുംബത്തിലാണ് ജനനം. ലാൽട്ടൺ കലാനിലെ ഗവൺമെന്റ് സീനിയർ സെക്കൻഡറി സ്കൂളിലും പിന്നീട് ഫഗ്വാരയിലെ രാംഗരിയ കോളേജിൽ ഇന്റർമീഡിയറ്റ് വിദ്യാഭ്യാസവും നേടി. ഒരു ഗ്രാമീണ സ്‌കൂൾ ഹെഡ്മാസ്റ്ററായിരുന്നു ധർമേന്ദ്രയുടെ പിതാവ്. 19ാം വയസിൽ കുടുംബസുഹൃത്തിന്റെ മകളായ പ്രകാശ് കൗർ അദ്ദേഹത്തിന്റെ ജീവിതസഖിയായി. ആ ബന്ധത്തിൽ സണ്ണി ഡിയോൾ, ബോബി ഡിയോൾയെന്ന രണ്ട് ആൺമക്കളും വിജേത, അജിതയെന്ന രണ്ട് പെൺമക്കളും ജനിച്ചു. പിന്നീട് ആദ്യബന്ധം വേർപെടുത്താതെ തന്നെ ഹേമമാലിനിയെ വിവാഹം കഴിച്ചു. ആരൊക്കെ എതിർത്തിട്ടും ധർമേന്ദ്രയ്‌ക്കൊപ്പം ജീവിക്കാൻ ഹേമ തീരുമാനിക്കുകയായിരുന്നു. ‘ഞാൻ ആരെയും മനഃപൂർവ്വം വേദനിപ്പിച്ചിട്ടില്ല. ഞാൻ എന്റെ ഹൃദയത്തെ പിന്തുടരുക മാത്രമാണ് ചെയ്തത്,’- എന്നാണ് അക്കാലത്ത് ഒരു അഭിമുഖത്തിൽ ധർമ്മേന്ദ്ര പറഞ്ഞത്. അഹാന ഡയോൾ, ഇഷാ ഡയോൾ എന്നിങ്ങനെ രണ്ട് പെൺകുട്ടികളാണ് ഈ ബന്ധത്തിലുള്ളത്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button