യുദ്ധനടുവിൽ നിന്ന് വീടണഞ്ഞ് നൗഫൽ

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇന്നലെ രാവിലെ 9.50ന് ഗരീബ്രഥിൽ നിന്ന് ഇറങ്ങിയപ്പോഴാണ് കെ.പി. നൗഫൽ ഒന്നു ദീർഘശ്വാസം വിട്ടത്. ടെഹ്റാനിൽ ഇടതടവില്ലാതെ മിസൈലുകൾ പറക്കെ റോഡുമാർഗം അർമേനിയയിലേക്ക്. ഇവിടെ നിന്ന് വിമാനമാർഗം ഒമാനിലേക്ക്. മുംബയ് വിമാനത്താവളത്തിൽ എത്തിയപ്പോഴേക്കും ഭീതിയുടെ പത്തുനാൾ പിന്നിട്ടിരുന്നു. കണ്ണൂർ പുതിയതെരു സ്വദേശിയാണ്.കണ്ണൂരുകാരൻ സുൾഫീക്കർ അലിയുടെ സ്ഥാപനത്തിൽ ജോലി നേടിയാണ് 38കാരനായ നൗഫൽ കഴിഞ്ഞ ഡിസംബറിൽ ഷാർജയിൽ നിന്ന് ഇറാനിലേക്ക് പോയത്. ദക്ഷിണേന്ത്യയിലേക്ക് ആപ്പിൾ കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണ്. ആപ്പിൾ പാടങ്ങളിൽ നിന്ന് ടെഹ്റാനിലെത്തുന്നതിനിടെയാണ് യുദ്ധം തുടങ്ങിയത്. ഫെബ്രുവരി 28ന് ഇവർ താമസിക്കുന്ന ഹോട്ടലിന് സമീപം വലിയ സ്ഫോടനമുണ്ടായി.ഭാര്യ നൂറിയുടെയും മക്കളായ മുഹമ്മദ് നസൂഹിന്റെയും നഫീസത്തുൽ മിസിരിയയുടേയും മുഖം ഓർത്തപ്പോൾ ഏതുവിധേനയും നാട്ടിലേക്ക് തിരിക്കണമെന്നായി. അപ്പോഴേക്കും വിമാനങ്ങൾ റദ്ദാക്കി. അതിർത്തി റോഡുകളും അടച്ചു. ചുറ്റിനും കത്തിയമരുന്ന കെട്ടിടങ്ങളും ജീവനുകളും. അയൽരാജ്യമായ അസർബൈജാനിലേക്ക് നീങ്ങാൻ ശ്രമിച്ചെങ്കിലും റോഡ് അടച്ചു.
അർമേനിയയിലൂടെ ആളുകളെ കടത്തുന്നതറിഞ്ഞതോടെ ശ്രമം ആ വഴിക്കായി. എംബസിയിൽ നിന്നു സഹായം ലഭിക്കാതായതോടെ ഇറാനിൽ കുടുങ്ങിയവർ അർമേനിയൻ ഗ്യാംഗ് എന്ന കൂട്ടായ്മ ഉണ്ടാക്കി. മാർച്ച് അഞ്ചിന്കശ്മീർ സ്വദേശി മുസമ്മിൽ എന്ന മെഡിക്കൽ വിദ്യാർത്ഥിക്കൊപ്പം ടാക്സിയിൽ റോഡുമാർഗം അതിർത്തി പ്രദേശമായ ഉറുമിയയിലേക്ക് പുറപ്പെട്ടു. രാത്രി ഏഴോടെ ഉറുമിയയിലെത്തി. വാർ ഫ്രീ സോൺ ആയതിനാൽ ആക്രമിക്കപ്പെടില്ലെന്ന ധൈര്യത്തിൽ മണിക്കൂറുകളോളം അതിർത്തിയിൽ കഴിഞ്ഞു. ഇന്റർനെറ്റും മറ്റ് ആശയവിനിമയ ഉപാധികളുമില്ലാത്തതിനാൽ ദിവസങ്ങളായി കുടുംബവുമായി ബന്ധപ്പെടാനുമായില്ല.
Source link



