LATEST

‘പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയിട്ടില്ല’; ശബരിമല സ്വർണക്കൊള്ളയിൽ വിശദീകരണം നൽകി എ പത്മകുമാർ


പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ പ്രതിയായ സംഭവത്തിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎം ജില്ലാ കമ്മറ്റിയംഗവുമായ എ പത്മകുമാർ വിശദീകരണം നൽകി. തെറ്റ് ചെയ്തിട്ടില്ലെന്നും പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടില്ലെന്നുമാണ് വിശദീകരണം. തപാലിലൂടെയായിരുന്നു പത്മകുമാറിനോട് പത്തനംതിട്ട ജില്ലാ നേതൃത്വം വിശദീകരണം തേടിയത്. ദൂതൻ വഴിയാണ് പത്മകുമാര്‍ കഴിഞ്ഞ ദിവസം മറുപടി കൈമാറിയത്.പുറത്താക്കൽ നടപടിക്ക് മുന്നോടിയായിയാണ് സിപിഎം വിശദീകരണം തേടിയതെന്നാണ് സൂചന. സംസ്ഥാന സമിതിയുടെ നിർദ്ദേശപ്രകാരമാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നടപടി. സ്വർണ്ണക്കൊള്ള കേസിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതിൽ വിശദീകരണം നൽകാനായിരുന്നു നിര്‍ദേശം. സ്വർണ്ണകൊള്ളയിൽ ജയിലിൽ പോയപ്പോഴും പുറത്തിറങ്ങിയപ്പോഴും സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാർ. പത്മകുമാറിനുള്ള പാർട്ടി സംരക്ഷണം നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിപക്ഷം ആയുധമാക്കുമെന്ന് കണ്ടാണ് ഏറെ വൈകിയുള്ള സിപിഎമ്മിന്റെ പുറത്താക്കൽ നീക്കം. ദിവസങ്ങള്‍ക്ക് മുന്‍പ് പത്മകുമാറിനെ ജില്ലാ കമ്മിറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് നീക്കം ചെയ്തിരുന്നു.പത്മകുമാറിനെതിരെ നടപടിയെടുക്കാതെ ജില്ലയിൽ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനാവില്ലെന്ന് സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ ധരിപ്പിച്ചിട്ടുണ്ട്. തുടർന്നാണ് വിശദീകരണം ചോദിച്ച് മാറ്റി നിറുത്താനുള്ള നീക്കത്തിലേക്ക് കടന്നത്. അടുത്തയാഴ്ച ജില്ലാ സെക്രട്ടേറിയറ്റ് യോഗം പത്മകുമാറിന്റെ മറുപടി ചർച്ച ചെയ്ത് സംസ്ഥാന കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്യും.


Source link

Related Articles

Back to top button