LATEST

ശബരിമലയിൽ ഗുരുതര വീഴ്‌ച;വഴിപാടിനുളള തേൻ എത്തിക്കുന്നത് ഫോമിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെ‌യ്നറുകളിൽ

പത്തനംതിട്ട: ശബരിമലയിൽ വഴിപാട് ആവശ്യത്തിനുളള തേൻ വിതരണം ചെയ്യുന്നതിൽ ഗുരുതര വീഴ്‌ച. ഫോമിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളിലാണ് കരാർ നൽകിയ സ്ഥാപനം തേൻ എത്തിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ദേവസ്വം വിജിലൻസാണ് ഇത് കണ്ടെത്തിയത്. വിജിലൻസ് റിപ്പോർട്ടിനെ തുടര്‍ന്ന് തേന്‍ ഉപയോഗിക്കാതെ മാറ്റിവച്ചു. പരിശോധന നടത്തുന്നതിൽ പമ്പയിലെ ഭക്ഷ്യസുരക്ഷ ലാബ് വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

പൊതുമേഖല സ്ഥാപനമായ റയ്ഡ്കോയാണ് ശബരിമലയിൽ തേൻ വിതരണം ചെയ്യുന്നത്. അഭിഷേകത്തിനടക്കം പഴയ സ്റ്റോക്കിലെ തേനാണ് ഉപയോഗിക്കുന്നത്. പമ്പയിലെ ഭക്ഷ്യസുരക്ഷാ ലാബ് റിസ‍ർച്ച് ഓഫീസർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് വിജിലൻസ് കണ്ടെത്തൽ. പമ്പയിലെ ഭക്ഷ്യസുരക്ഷാ ലാബിൽ പരിശോധനയ്ക്ക് ശേഷമാണ് ഭക്ഷ്യവസ്തുക്കൾ സന്നിധാനത്ത് എത്തിക്കുക. വിജിലന്‍സിന്റെ കണ്ടെത്തൽ ശരിവെച്ചതിനെ തുടർന്ന് റയ്ഡ്കോക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചതായി ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ ഒ ജി ബൈജു മാദ്ധ്യമങ്ങളോട് പറഞ്ഞു. മറുപടി ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കണ്ടെയ്നറുകളിൽ കൂടുതൽ പരിശോധന നടത്തും. കഴിഞ്ഞ ആഴ്ചയാണ് വിജിലൻസ് പരിശോധന നടത്തിയത്. ഇപ്പോൾ നൽകിയത് പ്രാഥമിക റിപ്പോർട്ട്‌ മാത്രമാണ്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button